Your Image Description Your Image Description

 

ഡൽഹി: പ്രതിപക്ഷ നേതാക്കളുടെ ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധന നടത്തുന്നതിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്ററുകളിൽ കൂടി പരിശോധന നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പണം കടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് പരിശോധനയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിശദീകരണം.

മൈസൂരുവിൽ നിന്ന് നീലഗിരി വഴി വയനാട്ടിലേക്കുള്ള രാഹുൽ ഗാന്ധിയുടെ യാത്രാ മധ്യേയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹെലികോപ്റ്റർ പരിശോധിച്ചത്. നീലഗിരിയിൽ അരമണിക്കൂറോളം നേരം പരിശോധന നടന്നു. ഇന്നലെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി പ്രചാരണത്തിനായി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിലും പരിശോധന നടത്തിയിരുന്നു. രാഹുലിൻറെ ഹെലികോപ്റ്ററിൽ പരിശോധന നടന്നതിന് പിന്നാലെ കോൺഗ്രസ് നിലപാട് കടുപ്പിച്ചു. പ്രതിപക്ഷ നേതാക്കൾ സഞ്ചരിക്കുന്ന ഹെലികോപ്റ്ററുകൾ പരിശോധിക്കുന്ന ഉത്സാഹം മോദിയുടെയും അമിത് ഷയുടെയും ഹെലികോപ്റ്ററുകൾ കൂടി പരിശോധിക്കാൻ കാട്ടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാക്കളെ അപമാനിക്കാനും, സംശയത്തിൻറെ നിഴലിലിൽ നിർത്താനുമാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസും അപലപിച്ചു.

എന്നാൽ പൊതു, സ്വകാര്യ ഹെലപാഡികളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ വിശദീകരണം. വോട്ടർമാരെ സ്വാധീനിക്കാനായി പണമടക്കമുള്ള വസ്തുക്കൾ കടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് ജാഗ്രതയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയുടെയോ, അമിത് ഷായടക്കം പ്രചാരണത്തിനായി സഞ്ചരിക്കുന്ന മറ്റ് നേതാക്കളുടെയോ ഹെലികോപ്റ്ററുകളിൽ പരിശോധന നടന്നതായി ഇതുവരെ റിപ്പോർട്ടുകളില്ല.

Leave a Reply

Your email address will not be published. Required fields are marked *