Your Image Description Your Image Description
Your Image Alt Text

 

അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യയിലേക്ക് വരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ഇന്ത്യയിൽ കാലുറപ്പിക്കാൻ ടെസ്‌ല തിരഞ്ഞെടുക്കുന്നത് രാജ്യത്തിൻ്റെ ഏത് ഭാഗമാണ് എന്നതാണ് ഇപ്പോഴത്തെ ചർച്ച. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കമ്പനിയെ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ആകർഷിക്കാൻ തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ടെസ്‌ല തങ്ങളുടെ പുതിയ പ്ലാൻ്റിനായി രണ്ടുമുതൽ മൂന്ന് ബില്യൺ ഡോളർ (ഏകദേശം 16,700 കോടി മുതൽ 25,000 കോടി രൂപ വരെ) നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

അതുകൊണ്ടുതന്നെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ടെസ്‌ലയെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. അമേരിക്കൻ കമ്പനിയെ സ്വന്തമാക്കാൻ ഏറ്റവും വലിയ നീക്കം നടത്തുന്നത് ഗുജറാത്തും തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ആണ് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലങ്കാന, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ടെസ്‍ല മേധാവി എലോൺ മസ്‌കിൻ്റെ ശ്രദ്ധയിൽപ്പെടാൻ മത്സരിക്കുന്നുണ്ട്. അതേസമയം തമിഴ്‌നാട് അതിൻ്റെ പ്രദേശത്തുള്ള നിരവധി കാർ നിർമ്മാണ പ്ലാന്‍റുകൾ ചൂണ്ടിക്കാട്ടുന്നു. ഹ്യുണ്ടായ് , നിസ്സാൻ , റെനോ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ നിർമ്മാണ സൗകര്യങ്ങൾ ഉള്ളതിനാൽ ചെന്നൈയ്ക്ക് ചുറ്റുമുണ്ട്.

ഇപ്പോൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ഇതുസംബന്ധിച്ച ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുന്നു. ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഇന്ത്യയുടെ മത്സരാധിഷ്ഠിത നിർമ്മാണച്ചെലവുകളും സമ്പന്നമായ കഴിവുകളും മനസ്സിലാക്കുന്നുവെന്ന് ഇന്ത്യാ ടുഡേയോട് സംസാരിച്ച ഗോയൽ വിശദീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ടെസ്‌ല തങ്ങളുടെ പ്ലാൻ്റ് സ്ഥാപിക്കുമോ എന്ന ചോദ്യത്തോട് ഞങ്ങൾ ഇന്ത്യക്കാരാണ്, ഞങ്ങൾ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു എന്നുമായിരുന്നു ഗോയിലിന്‍റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ടെസ്‌ല പോലുള്ള കമ്പനികൾ ഇന്ത്യയിൽ കൂടുതൽ താൽപര്യം കാണിക്കുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. ഇലക്‌ട്രിക് മൊബിലിറ്റിയിൽ ഇന്ത്യയും ഒരു നേതാവായി ഉയർന്നുവെന്നും ലോകം രാജ്യത്തെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ടെസ്‌ലയുടെ ഫലഭൂയിഷ്ഠമായ വിപണി മാത്രമല്ല, ആഗോള വിപണികളുടെ നിർണായക അടിത്തറയായി വർത്തിക്കുകയും ചെയ്യുമെന്നും ഗോയൽ പറയുന്നു.

ടെസ്‌ല ഫാക്ടറികളെ ഗിഗാ ഫാക്ടറികൾ എന്നാണ് വിളിക്കുന്നത്. ഈ പ്ലാന്‍റുൾ കാർ നിർമ്മാണത്തിനുള്ള ഏറ്റവും വലിയ ഫാക്ടറികളിൽ ഒന്നാണ്. ഏറ്റവും ചെറിയ ടെസ്‌ല ഗിഗാഫാക്‌ടറി ന്യൂയോർക്കിലാണ്. ഇതിന് 88 ഏക്കർ വിസ്തൃതിയുണ്ട്. ഷാങ്ഹായിലെ ഗിഗാ ഫാക്ടറിക്ക് 210 ഏക്കർ സ്ഥലമുണ്ട്. ബെർലിനിലെ ഗിഗാ ഫാക്ടറി 710 ഏക്കറാണ്. ഈ ഫാക്ടറികൾ പലപ്പോഴും ഓഫീസ് സ്ഥലങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും വൻ വരുമാനവും സൃഷ്ടിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ചില നിർമ്മാണ സൗകര്യങ്ങളാണ്. ഇവ നഷ്‍ടപ്പെടുത്താൻ ഒരു ഇന്ത്യൻ ഒരു സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം.

ഏപ്രിൽ 21, 22 തീയതികളിൽ ടെസ്‍ല മേധാവി എലോൺ മസ്‌ക് തൻ്റെ ഇന്ത്യാ സന്ദർശനം സ്ഥിരീകരിച്ചു, ഈ സമയത്ത് പ്രധാനമന്ത്രി മോദിയെ കാണാനും രാജ്യത്ത് സ്റ്റാർലിങ്ക് സേവനം ആരംഭിക്കുന്നതുൾപ്പെടെയുള്ള പ്രധാന പ്രഖ്യാപനങ്ങൾ നടത്താനും രണ്ട് ബില്യൺ മുതൽ മൂന്ന് ബില്യൺ ഡോളർ വരെ നിക്ഷേപം നടത്താൻ പദ്ധതിയിടുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യയിൽ, ഒരു നിർമ്മാണ അടിത്തറ സ്ഥാപിക്കുന്നതിനും മറ്റും റിലയൻസുമായി ബന്ധം സ്ഥാപിക്കാൻ ടെസ്‌ല നോക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് . പക്ഷേ ഇരു കമ്പനികളും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *