Your Image Description Your Image Description
Your Image Alt Text

 

മുല്ലന്‍പൂര്‍: ഐപിഎല്‍ റണ്‍വേട്ടയില്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ 14 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ സഞ്ജു സീസണിലെ റണ്‍വേട്ടയില്‍ 264 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

സഞ്ജു മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെ 255 റണ്‍സുള്ള ശുഭ്മാന്‍ ഗില്‍ നാലാം സ്ഥാനത്തായി. 284 റണ്‍സുമായി രാജസ്ഥാന്‍ താരം റിയാന്‍ പരാഗ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ 18 പന്തില്‍ 23 റണ്‍സെടുത്ത പരാഗിന് രാജസ്ഥാന് വേണ്ടി ഫിനിഷ് ചെയ്യാനായിരുന്നില്ല. 319 റണ്‍സുമായി വിരാട് കോലി ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 226 റണ്‍സെടുത്തിട്ടുള്ള ഗുജറാത്തിന്‍റെ സായ് സുദര്‍ശനാണ് അഞ്ചാം സ്ഥാനത്ത്.

അതേസമയം, ഇന്നലെ മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവെച്ചിരുന്നെങ്കില്‍ സഞ്ജുവിനും പരാഗിനും ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയുമായുള്ള അകലം കുറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ബാറ്റിംഗ് എളുപ്പമല്ലാതിരുന്ന പിച്ചില്‍ പരാഗിനും സഞ്ജുവിനും തിളങ്ങാനാവാതിരുന്നത് വലിയ തിരിച്ചടിയായി. രാജസ്ഥാന്‍ സ്കോര്‍ 56 റണ്‍സില്‍ നില്‍ക്കെയായിരുന്നു സഞ്ജു ക്രീസിലെത്തിയത്. അപ്പോഴും രാജസ്ഥാന് ജയത്തിലേക്ക് 92 റണ്‍സ് വേണമായിരുന്നു. യശസ്വി ജയ്സ്വാള്‍ 82 റണ്‍സില്‍ പുറത്തായശേഷം പരാഗ് ക്രീസിലെത്തുമ്പോള്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 66 റണ്‍സായിരുന്നു.

അനായാസം ജയിക്കുമെന്ന് കരുതിയ കളിയെ ലാസ്റ്റ് ഓവര്‍ ത്രില്ലറിലേക്ക് നീട്ടിയ രാജസ്ഥാന്‍ ഷിമ്രോണ്‍ ഹെറ്റ്മെയറുടെ ബാറ്റിംഗ് മികവിലാണ് ഇന്നലെ പഞ്ചാബ് കിംഗ്സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. പഞ്ചാബ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശയ രാജസ്ഥാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ലക്ഷ്യത്തിലെത്തിയത്. സ്കോര്‍ പ‍ഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 147-8, രാജസ്ഥാന്‍ റോയല്‍സ് 19.5 ഓവറില്‍ 152-7.

Leave a Reply

Your email address will not be published. Required fields are marked *