Your Image Description Your Image Description
Your Image Alt Text

 

മുള്ളൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. എട്ടാമനായി ക്രീസിലിറങ്ങിയ 16 പന്തിൽ 31 റൺസടിച്ച അശുതോഷ് ശർമയാണ് പഞ്ചാബിൻറെ ടോപ് സ്കോറർ. 24 പന്തിൽ 29 റൺസെടുത്ത ജിതേഷ് ശർമയും പഞ്ചാബിനായി പൊരുതി. രാജസ്ഥാനു വേണ്ടി കേശവ് മഹാരാജും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം മുതൽ വരിഞ്ഞു മുറുക്കി സഞ്ജു

ടോസ് ജയിച്ചതിന് പിന്നാലെ ഫീൽഡിംഗിനിറങ്ങിയ രാജസ്ഥാൻ ബൗളർമാർ പഞ്ചാബിനെ തുടക്കം മുതൽ വരിഞ്ഞുമുറുക്കി. പവർപ്ലേയിൽ ഒരിക്കൽ പോലും തകർത്തടിക്കാൻ വിടാതിരുന്ന രാജസ്ഥാൻ ബൗളർമാർ പഞ്ചാബിനെ 38 റൺസിൽ പിടിച്ചു നിർത്തി. ഇതിനിടെ നാലാം ഓവറിൽ ശിഖർ ധവാന് പകരം ക്രീസിലിറങ്ങിയ അഥർവ ടൈഡെയെ(12 പന്തിൽ 15) ആവേശ് മടക്കിയിരുന്നു. പവർ പ്ലേക്ക് പിന്നാലെ പ്രഭ്‌സിമ്രാൻ സിംഗിനെയും(10) യുസ്‌വേന്ദ്ര ചാഹലും ജോണി ബെയർസ്റ്റോയെ(19 പന്തിൽ 15) കേശവ് മഹാരാജും വീഴ്ത്തിയതോടെ പഞ്ചാബ് 47-3ലേക്ക് കൂപ്പുകുത്തി.

ശിഖർ ധവാന് പകരം പഞ്ചാബിനെ നയിക്കുന്ന ക്യാപ്റ്റൻ സാം കറനും ക്രീസിൽ അധികം ആയുസുണ്ടായില്ല. മഹാരാജിൻറെ പന്തിൽ സാം കറൻ(6) മടങ്ങി. പത്തോവർ കഴിഞ്ഞപ്പോൾ 53-4 ആയിരുന്നു പഞ്ചാബിൻറെ സ്കോർ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തകർത്തടിച്ച ശശാങ്ക് സിംഗ്(9) പെട്ടെന്ന് മടങ്ങിയതിന് പിന്നാലെ ജിതേഷ് ശർമ പഞ്ചാബിന് പ്രതീക്ഷ നൽകി. 15 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് മാത്രമെടുത്ത പഞ്ചാബ് പതിനാറാം ഓവറിൽ 100 കടന്നു.

പിന്നാലെ ആവേശ് ഖാൻറെ പന്തിൽ ജിതേഷ് ശർമ(29) വീണു. സഞ്ജുവിൻറെ അസാമാന്യ മികവിൽ ലിവിംഗ്‌സ്റ്റൺ(14 പന്തിൽ 21) റണ്ണൗട്ടായതോടെ പഞ്ചാബ് 130ൽ താഴെ ഒതുങ്ങുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ ആവേശ് ഖാൻറെയും സ‍്ജുവിൻറെയും ധാരണപ്പിശകിൽ ജീവൻ കിട്ടിയ അശുതോഷ് ശർമ തകർത്തടിച്ചതോടെ(16 പന്തിൽ 31) പഞ്ചാബ് 147ൽ എത്തി. രാജസ്ഥാനുവേണ്ടി ആവേശ് ഖാൻ നാലോവറിൽ 34 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ കേശ്വ മഹാരാജ് നാലോവറിൽ 23 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *