Your Image Description Your Image Description
Your Image Alt Text

ഒടുവിൽ മലയാളികൾ വീണ്ടും കൈകോർത്തു , അബ്‌ദുൾ റഹീമിന്റെ മോചനത്തിനായി 34 കോടി 45 ലക്ഷം രൂപ പിരിച്ചെടുത്തു . സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള ജനകീയ സമിതിയുടെ ശ്രമങ്ങൾക്കാണ് മലയാളികൾ കൈ മറന്ന് സഹായിച്ചത് .

റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ രണ്ട് ദിവസം മുൻപ് തന്നെ സമാഹരിക്കാൻ കഴിഞ്ഞു. വൈകാതെ നാട്ടിലേക്ക് അബ്‌ദുൾ റഹീമിന് മടങ്ങിവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നാല് ദിവസം മുൻപ് അഞ്ച് കോടി മാത്രമായിരുന്നു സമിതിക്ക് ലഭിച്ചത്. ധനസമാഹരണത്തിന് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ‌ തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്ര നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തൊട്ടു പിന്നാലെ സമൂഹത്തിലെ വിവിധ തുറകളിലുള്ള ജനങ്ങൾ സഹായവുമായി മുന്നോട്ടുവന്നു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തെരുവോരങ്ങൾ തുടങ്ങിയ പൊതുഇടങ്ങളിൽ ജനങ്ങളോട് സഹായം തേടി.

അറബിയുടെ ഭിന്നശേഷിക്കാരനായ 15 വയസുള്ള മകനെ പരിചരിച്ചിരുന്ന റഹീമിന്റെ കൈ അറിയാതെ തട്ടി കുട്ടിയുടെ കഴുത്തിൽ ഭക്ഷണവും വെള്ളവും നൽകാൻ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബ് സ്ഥാനം മാറി കുട്ടി മരിച്ചതിലാനാണ് വധശിക്ഷ വിധിച്ചത്. 2006ലായിരുന്നു സംഭവം.

പതിനെട്ട് വർഷമായി മകനെയോർത്ത് നെഞ്ചുരുകി കഴിയുന്ന കോടമ്പുഴ മച്ചിലകത്ത് ഫാത്തിമയ്ക്ക് ഇനി പുഞ്ചിരിക്കാം. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്.

അബ്ദുൾ റഹിമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ലക്ഷ്യം കണ്ടതോടെ ധനസമാഹരണം നിർത്തി വച്ചു.

മരിച്ച സൗദി ബാലന്റെ കുടുംബത്തിന് എപ്രിൽ 16 ന് മുമ്പ് മോചന ദ്രവ്യമായി 34 കോടി രൂപ നൽകണം. ഇതിനാണ് നാട് മുഴുവൻ പോംവഴി തേടിയത്. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി സഹായം ഒഴുകിയെത്തി .

ഫാത്തിമയുടെ ആറു മക്കളിൽ ഇളയവനാണു റഹീം. ഹൗസ് ഡ്രൈവർ വീസയിൽ ജോലി തേടി 2006 നവംബറിലാണ് റിയാദിലേക്ക് പോയത്. സ്പോൺസറുടെ ഭിന്നശേഷിക്കാരനായ 15 വയസ്സ് കാരനായ മകനെ പരിചരിക്കുകയായിരുന്നു പ്രധാന ജോലി.

കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു ഈ കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. 2006 ഡിസംബർ 24ന് കാറിൽ സഞ്ചരിക്കുമ്പോൾ അബദ്ധത്തിൽ അബ്ദുൽ റഹീമിന്റെ കൈ ബാലന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ ട്യൂബിൽ തട്ടി.

15 വയസ്സുകാരനായ കുട്ടി ബോധരഹിതനാകുകയും പിന്നീട് മരിക്കുകയുമായിരുന്നു. ഇതോടെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

സൗദിയിലെ പ്രമുഖർ വിഷയത്തിൽ ഇടപെട്ടെങ്കിലും വധശിക്ഷ എന്ന ഒറ്റ നിലപാടിൽ ഉറച്ചുനിന്ന കുടുംബം മോചനദ്രവ്യം എന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറായതാണ് പ്രതീക്ഷയ്ക്ക് വകയായത്. 34 കോടി രൂപ ദയാധനമെന്ന ഉപാധിയിൽ അറബി കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ ജയിൽ മോചിതനായി അബ്ദുൽ റഹിമിന് നാട്ടിലെത്താം.

Leave a Reply

Your email address will not be published. Required fields are marked *