Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മോചനദ്രവ്യം സമാഹരിക്കൽ ഊർജിതമായി തുടരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പണം സമാഹരിക്കാനായി ബോചെ ടീ ലക്കി ഡ്രോ നടത്തുമെന്ന് അറിയിച്ചു. 15ന് വൺഡേ ചലഞ്ച് നടത്തും. ദിവസവും രാത്രി ഒമ്പതിന് നറുക്കെടുപ്പ് നടത്തി 10 ലക്ഷം രൂപ സമ്മാനം നൽകും. ബമ്പർ സമ്മാനമായി 25 കോടി രൂപ നൽകും. 100 മുതൽ 10000 രൂപ വരെ സമ്മാനങ്ങളും പ്രഖ്യാപിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സോഷ്യൽമീഡിയ പ്രചാരണത്തിലൂടെയും പണം സമാഹരിക്കാൻ ഊർജിതമായ ശ്രമം നടക്കുന്നുണ്ട്.

ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുൽ റഹീമാണ് 18 വർഷമായി റിയാദിലെ ജയിലില്‍ കഴിയുന്നത്. 2006ല്‍ തന്റെ 26ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.

ഏപ്രില്‍ 16നകം ഇത്രയും ഭീമമായ തുക സമാഹരിച്ച് കുടുംബത്തെ ഏല്‍പ്പിച്ചെങ്കിലേ മോചനം സാധ്യമാകൂ. എം.പി അബ്ദുല്‍ റഹീം നിയമ സഹായ സമിതി എന്ന പേരില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉമ്മയുടെ പേരിലുള്ള 9037304838, 9567483832 എന്നീ നമ്പറുകളില്‍ ഗൂഗിള്‍ പേ ആയി പണം അടയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *