Your Image Description Your Image Description
Your Image Alt Text

 

മുള്ളൻപൂർ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിംഗ്സിന് തുടക്കത്തിലെ ജോണി ബെയർസ്റ്റോയെയും പ്രഭ്സിമ്രാൻ സിംഗിനെയും നഷ്ടമായതോടെ പവർ പ്ലേയിൽ പ്രതീക്ഷ ക്യാപ്റ്റൻ ശിഖർ ധവാനിലായിരുന്നു. താളം കണ്ടെത്താൻ കഴിയാതിരുന്ന ധവാൻ ഭുവനേശ്വർ കുമാർ എറിഞ്ഞ അഞ്ചാം ഓവറിൽ സ്ലിപ്പിൽ നൽകിയ അനായാസ ക്യാച്ച് അബ്ദുൾ സമദിൻറെ കൈകൾക്കിടയിലൂടെ ചോർന്ന് ബൗണ്ടറി കടന്നപ്പോൾ ആരാധകർ കരുതിയത് ഇന്ന് ധവാൻറെ ദിവസമാണെന്നായിരുന്നു.

എന്നാൽ വീണു കിട്ടിയ ഭാഗ്യം മുതലാക്കാൻ ക്ഷമ നശിച്ച ധവാന് കഴിഞ്ഞില്ല. ഭുവനേശ്വർ കുമാറിൻറെ 140 കിലോ മീറ്റർ വേഗത്തിലെത്തിയ പന്തിൽ ഫ്രണ്ട് ഫൂട്ടിൽ കയറി അടിക്കാൻ നോക്കിയ ധവാനെ ഹൈദരാബാദ് വിക്കറ്റ് കീപ്പർ ഹെൻറിച്ച് ക്ലാസൻ മിന്നൽ സ്റ്റംപിംഗിലൂടെ പുറത്താക്കിയത് കാണികൾ അവിശ്വസനീയതോടെയാണ് കണ്ടത്. സ്പിന്നർമാരുടെ പന്തുകളിൽ ധോണിയടക്കമുള്ളവർ മിന്നൽ വേഗത്തിൽ സ്റ്റംംപിഗ് നടത്തി ഞെട്ടിച്ചിട്ടുണ്ടെങ്കിലും ക്ലാസൻറെ തട്ട് താണു തന്നെ നിൽക്കുമെന്നാണ് ആരാധകർ പറയുന്നത്.

ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് തോൽപ്പിച്ചാണ് സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിനായി കഴിഞ്ഞ മത്സരത്തിലേതുപോലെ ശശാങ്ക് സിംഗും(25 പന്തിൽ 46*) അശുതോഷ് ശർമയും(15 പന്തിൽ 33*) പൊരുതി നോക്കിയെങ്കിലും അവസാന ഓവറിൽ പഞ്ചാബ് രണ്ട് റൺസകലെ പൊരുതി വീണു. ഹൈദരാബാദിനായി ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു പ‍ഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. മൂന്ന് ക്യാച്ചുകൾ കൈവിട്ട ഓവറിൽ പഞ്ചാബ് 26 റൺസടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *