Your Image Description Your Image Description
Your Image Alt Text

 

മുംബൈ: ഐപിഎൽ 2024 സീസണിൽ രാജസ്ഥാൻ റോയൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ചാം മത്സരത്തിന് ഇറങ്ങുമ്പോൾ സഞ്ജു സാംസൺ റൺവേട്ടക്കാരിൽ മുന്നേറാൻ അവസരം. നിലവിൽ നാല് മത്സരങ്ങളിൽ 178 റൺസ് നേടിയിട്ടുള്ള സഞ്ജു ആറാം സ്ഥാനത്താണ്. 59.33 ശരാശരിയിലാണ് സഞ്ജുവിന്റെ നേട്ടം. അഞ്ച് മത്സരങ്ങിൽ 316 റൺസ് നേടിയ ആർസിബി താരം വിരാട് കോലിയാണ് പട്ടിക നയിക്കുന്നത്. ഒറ്റ മത്സരം കൊണ്ട് എന്തായാലും കോലിയെ മറികടക്കാൻ കഴിഞ്ഞേക്കില്ല. അങ്ങനെ സംഭവിക്കണമെങ്കിൽ 138 റൺസ് സഞ്ജു നേടേണ്ടി വരും. എന്നാൽ രണ്ടാം സ്ഥാനത്തെങ്കിലും എത്താനുള്ള അവസരം സഞ്ജുവിനുണ്ട്.

എതിർടീം താരങ്ങളായ ശുഭ്മാൻ ഗിൽ, സായ് സുദർശൻ എന്നിവരുടെ പ്രകടനം കൂടി ശ്രദ്ധിക്കണമൈന്ന് മാത്രം. ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ നിലവിൽ രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 191 റൺസ് നേടിയിട്ടുണ്ട് സായ്. ഗുജറാത്ത് ക്യാപ്റ്റൻ ഗിൽ അഞ്ചാം സ്ഥാനത്ത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ 19 റൺസ് നേടിയതോടെയാണ് ഗിൽ ആദ്യ അഞ്ചിലെത്തിയത്. അഞ്ച് മത്സരങ്ങളിൽ 183 റൺസാണ് ഗില്ലിൻെ സമ്പാദ്യം. 14 റൺസ് കൂടി നേടിയാൽ സഞ്ജുവിന് രണ്ടാമതെത്താം. എന്നാൽ സായിയും ഗില്ലും എത്ര റൺ നേടുന്നു എന്നതിന് അനുസരിച്ചിരിക്കും സഞ്ജുവിന്റ സ്ഥാനം.

സഹതാരം റിയാൻ പരാഗിനും മുന്നിലെത്താനുള്ള അവസരമുണ്ട്. നാല് മത്സരങ്ങളിൽ 185 റൺസാണ് പരാഗിന്റെ സമ്പാദ്യം. 92.50 ശരാശരിയുണ്ട് പരാഗിന്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെന്റിച്ച് ക്ലാസൻ ഇന്നലെ മൂന്നാം സ്ഥാനത്തേക്ക് കയറിയിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ഒമ്പത് റൺസ് മാത്രമാണ് ക്ലാസൻ നേടിയിരുന്നത്. 186 റൺസാണ് താരത്തിന്റെ സമ്പാദ്യം. 62.00 ശരാശരിയിലും 193.75 സ്‌ട്രൈക്ക് റേറ്റിലുമാണ് ക്ലാസന്റെ നേട്ടം.

വിക്കറ്റ് വേട്ടയിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ മുസ്തഫിസുർ റഹ്‌മാൻ ഒന്നാമതാണ്. നാല് മത്സരങ്ങളിൽ ഒമ്പത് വിക്കറ്റാണ് ബംഗ്ലാദേശുകാരൻ വീഴ്ത്തിയത്. രാജസ്ഥാൻ റോയൽസ് സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ രണ്ടാമത്. നാല് മത്സരങ്ങളിൽ എട്ട് വിക്കറ്റുണ്ട് ചാഹലിന്. ഇന്ന് രണ്ട് വിക്കറ്റുകൾ കൂടി നേടിയാൽ താരം വീണ്ടും ഒന്നാമതെത്തും. ഇത്രയും തന്നെ വിക്കറ്റുള്ള അർഷ്ദീപ് സിംഗ് മൂന്നാമത്. ഏഴ് വിക്കറ്റുകളുള്ള ഖലീൽ അഹമ്മദ്, കഗിസോ റബാദ, മോഹിത് ശർമ, ജെറാൾഡ് കോട്സീ എന്നിവർ അടുത്ത സ്ഥാനങ്ങളിൽ.

Leave a Reply

Your email address will not be published. Required fields are marked *