Your Image Description Your Image Description
Your Image Alt Text

കൊച്ചി: കേരളം സന്തോഷ് ട്രോഫി നേടിയ ഫൈനലിൽ കളിച്ച പന്ത് ഇപ്പോഴും ഗോളി ജി രവീന്ദ്രൻനായരുടെ കൈയിലുണ്ട്. അദ്ദേഹമത് പൊന്നുപോലെ സൂക്ഷിക്കുന്നു. കേരള ടീമിൽ അഞ്ച് ഗോളിമാരുണ്ടായിരുന്നു. ഒന്നാംഗോളി വിക്ടർ മഞ്ഞിലയ്ക്കും രണ്ടാംഗോളി കെ പി സേതുമാധവനും പരിക്കേറ്റതോടെയാണ് രവീന്ദ്രൻനായർക്ക് അവസരം കിട്ടിയത്.

കർണാടകത്തിനെതിരായ മൂന്നാമത്തെ കളിയിലാണ് ഇറങ്ങിയത്. രണ്ട് ഗോൾ വഴങ്ങിയതോടെ അവസരം പോയെന്ന് കരുതി. എന്നാൽ, കോച്ച് സൈമൺ സുന്ദർരാജ് തുണയായി. ഇട്ടി മാത്യു, എൻ വി ബാബു നായർ എന്നീ ഗോളികൾ ഉണ്ടായിരുന്നെങ്കിലും ക്വാർട്ടറിൽ ആന്ധ്രയ്‌ക്കെതിരെ കളിപ്പിക്കാനായിരുന്നു തീരുമാനം.

ഫൈനൽ ഇപ്പോഴും മറക്കാനാകില്ല. പ്രത്യേകിച്ച് അവസാന നിമിഷങ്ങൾ. റെയിൽവേസ് സമനിലയ്‌ക്കായി കിണഞ്ഞുശ്രമിച്ചു. പന്ത് വിടല്ലേ മോനേയെന്ന് പോസ്റ്റിനരികെ നിന്ന് കാണികൾ പറയുന്നത് കേൾക്കാം. സെക്കൻഡുകൾ മണിക്കൂറുകളായി തോന്നി. ഒടുവിൽ ഫൈനൽ വിസിൽ. അപ്പോൾ പന്ത് എന്റെ കൈയിൽ. ഞാനത് നെഞ്ചോട് ചേർത്തു. ആർക്കും വിട്ടുകൊടുത്തില്ല. അന്നത്തെ നിയമപ്രകാരം ഫൈനൽ വിസിൽ സമയത്ത് ആരുടെ കൈയിലാണോ പന്ത് അവർക്ക് അതെടുക്കാം. അങ്ങനെ ചരിത്രത്തിലെ പന്ത് വീട്ടിലെ ഷോകേസിൽ എത്തിയെന്ന് രവീന്ദ്രൻനായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *