Your Image Description Your Image Description

 

കോഴിക്കോട്: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിന് സമീപം അജ്ഞാതർ തീയിട്ടതായി പൊലീസ്. ഫറോക്കിൽ പ്രവർത്തിക്കുന്ന ഐ.ഒ.സിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് സമീപത്തായാണ് 50 കിലോയോളം വരുന്ന റെയിൽവേയുടെ ഉടമസ്ഥതയിലുള്ള കേബിൾ കൂട്ടിയിട്ട് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ അർധ രാത്രിയോടെയാണ് തീപ്പിടിച്ച വിവരം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവർ മീഞ്ചന്ത ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും പറ്റാവുന്ന രീതിയിൽ തീ അണക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു. വൈകാതെ തന്നെ ഇവിടെ എത്തിച്ചേർന്ന അഗ്‌നിരക്ഷാസേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സമീപത്തെ അടിക്കാടുകളിലേക്ക് തീ പടർന്നിരുന്നെങ്കിൽ അത് പെട്ടെന്ന് തന്നെ ഐ.ഒ.സിയിലേക്ക് വ്യാപിച്ച് വൻ ദുരന്തമുണ്ടാകുമായിരുന്നു. കേബിളുകൾ പൂർണമായും കത്തി നശിച്ചിട്ടുണ്ടെന്നും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ ടി. സുരേഷ്, ജിൻസ് ജോർജ്, ജോസഫ് ബാബു, എം. ചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘമാണ് തീ അണക്കാൻ നേതൃത്വം നൽകിയത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ സുരക്ഷാ സേന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *