Your Image Description Your Image Description

 

 

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കെമിസ്ട്രി അധ്യാപകൻ പൊലീസിൽ കീഴടങ്ങി. പോക്സോ കേസ് ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്ന അധ്യാപകൻ മാട്ടനോട്ടെ ചെരുവിൽ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി പൊലീസ് മുൻപാകെ കീഴടങ്ങിയത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ സ്‌കൂളിൽ വച്ച് എൻ.സി.സിയുടെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. എൻ.സി.സിയുടെ ചാർജ്ജ് ഉണ്ടായിരുന്നത് ബിജോ മാത്യുവിനായിരുന്നു. ക്യാമ്പിനിടെ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. പിന്നീട് ഡിസംബറിൽ പരീക്ഷക്ക് എത്തിയപ്പോഴും വിദ്യാർത്ഥിനിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു. ബന്ധുക്കൾ വിവരം അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ജനുവരിയിൽ പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ. സുഷീർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പൊലീസ് നടപടി മനസിലാക്കിയ ഇയാൾ അന്ന് മുതൽ ഒളിവിൽ പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അതിനിടയിൽ പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യാപേക്ഷ തള്ളി. വഴികളെല്ലാം അടഞ്ഞതിനെ തുടർന്ന് ബിജോ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ബിജോയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *