Your Image Description Your Image Description

 

 

തിരുവനന്തപുരം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിൻറെ മോചനത്തിനായി പണം സ്വരൂപിക്കാൻ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിൻറെ ‘യാചക യാത്ര’. കേരളത്തിലുടനീളം യാത്ര ചെയ്ത് പണം പിരിക്കാനാണ് തീരുമാനം.

ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഒരുകോടി രൂപ കൈമാറിയിട്ടുണ്ട്. ബാക്കി വരുന്ന തുകയ്ക്കാണ് പിരിവെടുക്കാൻ ഇങ്ങനെയൊരു പരിപാടി ചെയ്യാനായി തീരുമാനിച്ചത്. ആകെ 34 കോടി രൂപയാണ് അബ്ദുൽ റഹീമിൻറെ മോചനത്തിനായി ആവശ്യം വരുന്നത്. ധനസമാഹരണത്തിൻറെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് തമ്പാനൂരിൽ നടന്നു.

തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം പണം സ്വരൂപിക്കാൻ ‘യാചിക്കു’മെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്.

അബ്ദുൽ റഹീം കഴിഞ്ഞ 18 വർഷമായി സൗദിയിൽ ജയിലിലാണ്. സ്പോൺസറുടെ മകൻറെ മരണത്തിന് കാരണക്കാരനായി എന്ന കുറ്റത്തിനാണ് അബ്ദുൽ റഹീമിന് വധശിക്ഷ വിധിച്ചത്.ഭിന്നശേഷിക്കാരനായ കുട്ടി കാറിൽ വച്ച് അസ്വസ്ഥത കാണിച്ചപ്പോൾ സഹായത്തിനെത്തിയ അബ്ദുൽറഹീമിൻറെ കൈ തട്ടി കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻ രക്ഷാ ഉപകരണം നിലച്ചുപോയി. ഇതാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് രക്ഷ നേടാം.

ബോബി ചെമ്മണ്ണൂരിൻറെ സോഷ്യൽ മീഡീയാ അക്കൗണ്ട് വഴിയും പണം സ്വരൂപിക്കും.അബ്ദുൽ റഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിൻറെ അക്കൗണ്ടിലാണ് പണം സ്വരൂപിക്കുന്നത്. ശിക്ഷ നടപ്പാക്കുന്നതിൽ സാവകാശം തേടി കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *