Your Image Description Your Image Description

 

ആധാർ പുതുക്കാൻ എത്തിയ സ്ത്രീയിൽ നിന്ന് രണ്ട് തവണ പണം വാങ്ങിയ സംഭവത്തിൽ 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ആധാർ നൽകുന്ന യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും പരാതിക്കാരി ആധാർ വിവരങ്ങൾ പുതുക്കാൻ പോയ എൻറോൾമെന്റ് സെന്ററിന്റെ ചുമതലക്കാരനും ചേർന്ന് ഈ തുക നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. പരാതിക്കാരി മരണപ്പെട്ടതിനാൽ അവരുടെ മകന് തുക നൽകണം. അതിൽ കാലതാമസം വരുത്തിയാൽ വിധി വന്ന ശേഷമുള്ള കാലയളവിലേക്ക് എട്ട് ശതമാനം പലിശ കൂടി നൽകണമെന്നും വിധിയിലുണ്ട്.

ലുധിയാന സ്വദേശിയായ സ്ത്രീയാണ് കേസിലെ പരാതിക്കാരി. ഫിറോസ്‍പൂരിലെ സ്വകാര്യ ബാങ്ക് ശാഖയിൽ പ്രവർത്തിക്കുന്ന ആധാർ എൻറോൾമെന്റ് സെന്ററിലാണ് ഇവർ ബയോമെട്രിക് വിവരങ്ങൾ പുതുക്കാനായി 2020 ജൂൺ 23ന് പോയത്. 100 രൂപ ഫീസ് വാങ്ങിയ സെന്റ‍ർ ഉടമ ഫോട്ടോ മാത്രമാണ് എടുത്തത്. ഐറിസും വിരലടയാളങ്ങളും എടുക്കാൻ തയ്യാറായില്ല. ഇതേപ്പറ്റി ചോദിച്ചപ്പോൾ വേണ്ട വിവരങ്ങളെല്ലാം എടുത്തിട്ടുണ്ടെന്നും ഒരാഴ്ച കഴി‌ഞ്ഞ് ആധാർ ഡൗൺലോഡ് ചെയ്ത് എടുക്കാമെന്നും അറിയിക്കുകയായിരുന്നു.

15 ദിവസത്തിന് ശേഷം ആധാർ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഐറിസ്, വിരലടയാളം എന്നിവ ഇല്ലാത്തതിനാൽ ആധാർ ലഭ്യമല്ലെന്നും വീണ്ടും അപേക്ഷിക്കാനും സന്ദേശം ലഭിച്ചു. ഇതേ തുടർന്ന് വീണ്ടും 2020 ജൂലൈ 10ന് എൺറോൾമെന്റ് സെന്ററിലെത്തി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ അത് എൻറോൾമെന്റ് കേന്ദ്രത്തിലെ പിഴവാണെന്നും പണം നൽകില്ലെന്നും പറഞ്ഞു. എന്നാൽ പിന്നീട് പണം നൽകി തന്നെ ബയോമെട്രിക് വിവരങ്ങൾ വീണ്ടും നൽകേണ്ടി വന്നു.

ഇക്കാര്യം ചൂണ്ടിക്കാടി യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിക്ക് പരാതി നൽകി. അധികമായി വാങ്ങിയ പണം തിരികെ ലഭിക്കണമെന്നും താൻ നേരിട്ട പ്രയാസങ്ങൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി. എന്നാൽ പരാതി തള്ളപ്പെട്ടു. ആദ്യ തവണ പോയപ്പോൾ 50 രൂപ മാത്രമാണ് ഫീസ് വാങ്ങിയതെന്ന് പരാതിക്കാരി ഒപ്പിട്ട് നൽകിയ പേപ്പറിൽ പറയുന്നുണ്ടെന്നും അന്ന് എല്ലാ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചതായാണ് രേഖകൾ പറയുന്നതെന്നും എന്നാൽ പിഴവ് കണ്ടെത്തിയതിന്റ അടിസ്ഥാനത്തിൽ അവ തള്ളുകയായിരുന്നു എന്നും അതോറിറ്റി വാദിച്ചു. രണ്ടാമത് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പരാതിക്കാരി പോയി മറ്റൊരു ഫോം പൂരിപ്പിച്ചു നൽകിയെന്നും അതിന് സർക്കാർ നിശ്ചയിച്ച ഫീസായി 100 രൂപ ഈടാക്കുമെന്നായിരുന്നു വാദം. പരാതിക്കാരി തന്റെ വിരലടയാളവും ഐറിസ് വിവരങ്ങളും നൽകാൻ വിസമ്മതിച്ചു എന്നാണ് ആധാ‌ർ സെന്റർ നടത്തിപ്പുകാരനും നിലപാടെടുത്തത്.

എന്നാൽ ഇതെല്ലാം ചൂണ്ടിക്കാട്ടി പരാതിക്കാരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതി നൽകി. യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി നൽകിയ മറുപടിയിലെ പിഴവുകളും കമ്മീഷന് മുന്നിൽ നിരത്തി. തനിക്ക് നൽകിയ സേവനത്തിൽ പിഴവ് വന്നെന്നും രണ്ട് തവണ ഫീസ് വാങ്ങിയത് അവകാശ ലംഘനമാണെന്നും അവർ വാദിച്ചു. കേസ് കമ്മീഷൻ വിശദമായി പരിശോധിച്ചു. ഉപഭോക്താവെന്ന നിലയിൽ പരാതിക്കാരിക്ക് കിട്ടേണ്ട സേവനങ്ങളിൽ വീഴ്ച വന്നതായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കേസിന്റെ വിചാരണയ്ക്കിടെ പരാതിക്കാരി മരണപ്പെട്ടതിനാൽ നഷ്ടപരിഹാരം മകന് നൽകണെന്നാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *