Your Image Description Your Image Description

 

ന്യൂഡൽഹി: രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സംശയകരമായ ചില നമ്പറുകളിൽ നിന്ന് ലഭിക്കുന്ന വാട്സ്ആപ് കോളുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്ര ടെലികോം മന്ത്രാലയം. ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് ഇത്തരം ഫോൺ കോളുകളിൽ വിളിക്കുന്നവർ സംസാരിച്ച് തുടങ്ങുന്നതു തന്നെ. മൊബൈൽ നമ്പറുകളുടെ കാര്യത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളോട് സംസാരിക്കുകയാണ് ചെയ്യുന്നത്.

നിങ്ങളുടെ പേരിലുള്ള മൊബൈൽ നമ്പറുകൾ ചില നിയമവിരുദ്ധ കാര്യങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് വിളിക്കുന്നവ‍ർ പറയും. സിബിഐ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസുകളുമായി ബന്ധമുള്ള കാര്യങ്ങളാണെന്നും, അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ പേരും മൊബൈൽ നമ്പറും ഉപയോഗിച്ച് അയച്ച നിയമവിരുദ്ധമായ പാർസലുകൾ സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നും ഒക്കെയായിരിക്കും വിളിക്കുന്നവരിൽ നിന്ന് കേൾക്കേണ്ടി വരുന്നത്. പിന്നാലെ നിങ്ങളുടെ മൊബൈൽ നമ്പർ ഉടനെ തന്നെ ഡിസ്കണക്ട് ചെയ്യുമെന്നോ അല്ലെങ്കിൽ നിയമ നടപടികളിൽ നിന്ന് ഒഴിവാക്കാൻ ചില കാര്യങ്ങൾ ചെയ്യണമെന്നും നിർദേശിക്കും. പലയിടങ്ങളിലും ഇത്തരം കോളുകൾ ലഭിച്ചവ‍രോട് പല തരത്തിലുള്ള കാര്യങ്ങളാണ് പറയുന്നതെങ്കിലും പ്രവ‍ർത്തന രീതി ഏതാണ്ട് സമാനമാണ്.

വിദേശ നമ്പറുകളിൽ നിന്നാണ് ഇത്തരം കോളുകൾ പലപ്പോഴും വാട്സ്ആപിലൂടെ ലഭിക്കുന്നതെന്ന് ടെലികോം മന്ത്രാലയം പറയുന്നു. +92-xxxxxxxxxx എന്നിങ്ങനെയായിരിക്കും ഈ നമ്പറുകൾ. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ആളുകളെ കബളിപ്പിക്കുന്നത്. ആളുകളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് ദുരുപയോഗം ചെയ്യാനോ അല്ലെങ്കിൽ സാമ്പത്തിക തട്ടിപ്പുകൾ ലക്ഷ്യമിട്ടോ ആണ് ഇത്തരം കോളുകളെല്ലാം. ആളുകളെ ബന്ധപ്പെട്ട് മൊബൈൽ നമ്പർ ഡിസ്കണക്ട് ചെയ്യുമെന്നോ മറ്റോ പറയാൻ ടെലികോം മന്ത്രാലയം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്താക്കിയിട്ടുണ്ട്.

ഇത്തരം ഫോൺ കോളുകളോ വാട്സ്ആപ് കോളുകളോ കിട്ടുന്നവ‍ർ അക്കാര്യം യഥാസമയം റിപ്പോർട്ട് ചെയ്യണമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. www.sancharsaathi.gov.in എന്ന വെബ്‍സൈറ്റിൽ ഇത്തരം സംശയകരമായതും തട്ടിപ്പുകൾ ലക്ഷ്യമിട്ടുള്ളതുമായ കോളുകൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. ഇങ്ങനെ വിവരം നൽകുന്നത് തുടർ നടപടികൾ കൈക്കൊള്ളാൻ ടെലികോം മന്ത്രാലയത്തിന് സഹായകമാവും.

ഇതിന് പുറമേ www.sancharsaathi.gov.in വെബ്‍സൈറ്റിൽ പ്രവേശിച്ചാൽ ഓരോ ഉപഭോക്താവിനും തങ്ങളുടെ പേരിൽ എത്ര മൊബൈൽ കണക്ഷനുണ്ടെന്നും അത് ഏതൊക്കെയാണെന്നും അറിയാനുമാവും. തങ്ങൾ എടുത്തിട്ടില്ലാത്ത കണക്ഷനുകൾ അതിൽ കാണിക്കുന്നുണ്ടെങ്കിൽ അത് റദ്ദാക്കാനുള്ള വഴികൾ തെരഞ്ഞെടുക്കാം. സൈബർ തട്ടിപ്പുകൾ ശ്രദ്ധയിൽ പെടുന്നവർ 1930 എന്ന ഹെൽപ്‍ലൈൻ നമ്പറിലോ അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്‍സൈറ്റ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *