Your Image Description Your Image Description

 

യുഎസിലെ കാലിഫോർണിയയിൽ നിന്ന് കാണാതായ ഒരു നായ ഒടുവിൽ ഏകദേശം ഒമ്പത് മാസങ്ങൾക്ക് ശേഷം തന്റെ ഉടമകളുടെ അരികിലേക്ക് തിരികെയെത്തി. 3000 കിലോമീറ്ററിലധികം ദൂരെ നിന്നാണ് നായ വീണ്ടും തന്റെ ഉടമകളുടെ അടുത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

മിഷ്ക എന്നാണ് നായയുടെ പേര്. കഴിഞ്ഞ വർഷം ജൂലൈ പകുതിയോടെയാണ് സാൻ ഡിയാഗോയിൽ ഉടമയായ മെഹ്റാദ് ഹൗമാന്റെ അടുത്തുനിന്നും അവൾ അപ്രത്യക്ഷമായത്. കുടുംബത്തെ ഇത് വലിയ വേദനയിലാക്കി. സോഷ്യൽ മീഡിയ ഉപയോഗിച്ച് അവളെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും അവർ നടത്തി. എന്നാൽ, ഒരു സൂചനയും കിട്ടിയില്ല. എന്നാൽ, ഈസ്റ്ററിന് തൊട്ടുമുമ്പ് മിഷിഗണിലെ സബർബൻ ഡിട്രോയിറ്റിലെ പൊലീസിന് ഒരു കോൾ‌ ലഭിച്ചു. ഒരു നായ അതുവഴി അലഞ്ഞുതിരിഞ്ഞു നടക്കുന്നു എന്നും പറഞ്ഞായിരുന്നു കോൾ വന്നത്. താമസിയാതെ ഒരു പൊലീസ് യൂണിറ്റ് നായയുടെ അടുത്തെത്തി.

ദി ഗ്രോസ് പോയിൻ്റ് അനിമൽ അഡോപ്ഷൻ സൊസൈറ്റിയിലേക്കാണ് പൊലീസുകാർ നായയുമായി എത്തിച്ചേർന്നത്. അവിടെ വച്ച് മിഷ്കയുടെ മൈക്രോചിപ്പ് സ്കാൻ ചെയ്തപ്പോൾ സാൻ ഡിയാഗോയിൽ നിന്നുള്ള അവളുടെ ഉടമയുടെ വിവരങ്ങൾ അവർ കണ്ടെത്തി. മിനസോട്ടയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് നായയുടെ ഉടമയായ മെഹ്‌റാദിനും കുടുംബത്തിനും നായയെ കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നത്.

ഉടനെ തന്നെ മിഷിഗണിലെത്താനും എത്രയും പെട്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ട മിഷ്കയെ കാണാനുമാണ് മെഹ്റാദ് തീരുമാനിച്ചത്. ഉടനെ തന്നെ അയാൾ അങ്ങോട്ട് തിരിച്ചു. ഒടുവിൽ, മാസങ്ങളുടെ വേർപാടിന് ശേഷം കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ട മിഷ്കയെ തിരികെ കിട്ടി. അതോടെ കുടുംബവും ഹാപ്പി, മിഷ്കയും ഹാപ്പി, അവരെ ഒന്നിക്കാൻ സഹായിച്ചവരും ഹാപ്പി.

ഈ അപൂർവമായ ഒത്തുചേരലിനെ കുറിച്ച് ദി ഗ്രോസ് പോയിൻ്റ് അനിമൽ അഡോപ്ഷൻ സൊസൈറ്റി തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *