Your Image Description Your Image Description

 

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 15ന് കുന്നംകുളത്തെത്തും. നേരത്തെ കരുവന്നൂരിന് അടുത്തുള്ള ഇരിങ്ങാലക്കുടയിലേക്ക് നരേന്ദ്ര മോദിയെ എത്തിക്കാൻ ബിജെപി ജില്ലാ നേതൃത്വം ശ്രമം നടത്തിയിരുന്നെങ്കിലും കുന്നംകുളത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കുകയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. ആലത്തൂര്‍ മണ്ഡലത്തിന്‍റെ ഭാഗമായ കുന്നംകുളത്ത് 15ന് രാവിലെ 11മണിക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക. കരുവന്നൂര്‍ ആവശ്യത്തില്‍ പിഎംഒ മറുപടി നല്‍കിയില്ല. ഇരിങ്ങാലക്കുടയ്ക്ക് പകരം കുന്നംകുളത്തെ യോഗത്തിന് അനുമതി നല്‍കിയതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താനുള്ള ബിജെപിയുടെ നീക്കത്തിന്‍റെ ഭാഗമായാണ് മോദിയെ ഇരിങ്ങാലക്കുടയിലെത്തിക്കാൻ ശ്രമം നടത്തിയത്. ഈ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിരുന്നു. എന്നാല്‍, കുന്നംകുളത്ത് പൊതുയോഗം നടത്തുന്നതിനാണ് പിഎംഒ അനുമതി നല്‍കിയത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെതിരെയും പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോൺഗ്രസിനെതിരെയും പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കം. കേസില്‍ ഇഡി ഇടപെടല്‍ സജീവമായതിന് പിന്നാലെ തന്നെ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന തരത്തില്‍ കേരളത്തില്‍ നിന്ന് പ്രതിരോധമുയര്‍ന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജൻ എന്നിവരെ ഇഡി മണിക്കൂറുകളോളം ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നും ഇവ വഴി കോടികളുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നുമാണ് ഇഡി വാദം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സിപിഎം നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ നീക്കം തന്നെയെന്ന് തന്നെയാണ് സിപിഎം ആവര്‍ത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *