Your Image Description Your Image Description

 

മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ലിയു യുവെയും ഷി ഓഹോങ്ങെന്ന യുവാവും കഴിഞ്ഞ 10 വർഷമായി പ്രണയത്തിലായിരുന്നു. മാത്രമല്ല, ഇരുവരും വിവാഹം കഴിക്കാനിരിക്കുകയുമായിരുന്നു. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തമാണ് അവരെ തേടിയെത്തിയത്. അടുത്തിടെയാണ് ഷിയ്‍ക്ക് രക്താർബുദമാണ് എന്ന സത്യം അവർ അറിയുന്നത്.

വിവാഹത്തിന് വെറും രണ്ടേരണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ലിയുവും ഷിയും രക്താർബുദത്തിന്റെ കാര്യം അറിയുന്നത്. അങ്ങനെ ചികിത്സ ആരംഭിച്ചു. എല്ലാത്തിനും ലിയു ഷിയുടെ കൂടെത്തന്നെ നിന്നു. ഏകദേശം രണ്ടുകോടി രൂപ ഷിയുടെ ചികിത്സയ്‍ക്ക് വേണ്ടി ഇരുവരും ചെലവഴിച്ച് കഴിഞ്ഞു. അതിൽ രണ്ടുപേരും കൂടി ഒരുമിച്ച് ജീവിക്കാനും ഭാവിയിലേക്കും വേണ്ടി സമ്പാദിച്ചതും സൂക്ഷിച്ചതുമായ പണവും എല്ലാം പെടുന്നു.

ദിവസവും വലിയ തുകയ്ക്കുള്ള മരുന്നാണ് ഇപ്പോൾ അവന് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ, എന്തുവന്നാലും വിട്ടുകൊടുക്കില്ല എന്നും ഷിയ്‍ക്ക് അസുഖം പൂർണമായും ഭേദമാകുന്നത് വരെ താൻ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്നും ലിയു പറയുന്നു.

ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‍ബോയിൽ ഇരുവരുടേയും പ്രണയകഥ ഇപ്പോൾ വൈറലാണ്. ഇരുവരും നേരത്തെ തന്നെ പ്രണയത്തിലായിരുന്നു. സെക്കൻഡറി സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ഷി പഠനം നിർത്തി. ലിയു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുന്നത് വരെ അവളെ പഠിപ്പിക്കാൻ വേണ്ടി ഷാങ്ഹായിൽ ജോലി ചെയ്തുവരികയായിരുന്നു അയാൾ. മിതമായി പണം ചെലവഴിക്കുന്നവരായിരുന്നു ഷിയും ലിയുവും. പക്ഷേ, പരസ്പരം ആവശ്യം വരുമ്പോൾ ഒന്നും നോക്കാതെ ഇരുവരും പണം ചെലവഴിക്കുമായിരുന്നു.

പഠിക്കാൻ പോയ കാലത്തോ ഒന്നും ഒരിക്കലും ഷി തന്നെ സംശയിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തില്ലെന്ന് ലിയു പറയുന്നു. അവൾ എന്നും തന്നോട് സ്നേഹം നിറഞ്ഞവളായിരുന്നു എന്ന് ഷിയും പറയുന്നു. ഈ അസുഖം മാറുമെന്നും ഷി തിരികെ കരുത്തോടെ ജീവിതത്തിലേക്ക് വരുമെന്നും പ്രതീക്ഷയുണ്ട് ലിയുവിന്. ആ ദിവസം വിവാഹിതരാവുന്നതും കാത്തിരിക്കുകയാണ് ഇരുവരും.

ഒപ്പം സോഷ്യൽ മീഡിയയിൽ അനേകം പേരാണ് ഷി എത്രയും പെട്ടെന്ന് രോഗമുക്തനാവട്ടെ എന്നും ഇരുവരും വിവാഹിതരാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *