Your Image Description Your Image Description

 

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടാ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതൃത്വം. കൊല്ലപ്പെട്ട ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കളെത്തിയതില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഎം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കാലത്ത് എതിരാളികൾക്ക് ആയുധം നൽകാൻ പാടില്ലായിരുന്നുവെന്നും നേതൃത്വം വിശദീകരിച്ചു.

സിപിഎം ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തിരുന്നു.

ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ നേരത്തെ വ്യക്തമാക്കിയത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിശദീകരണം. പ്രാദേശിക നേതാക്കളാണ് പോയിട്ടുള്ളത്, ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും പോയിട്ടില്ലെന്നും പി ജയരാജൻ പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിനിടെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ പാനൂര്‍ കുന്നോത്ത് പറമ്പില്‍ സ്ഫോടനമുണ്ടായത്. പരിക്കേറ്റ വിനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ഇതിനിടെ, പാനൂരിലെ ബോംബ് നിർമ്മാണത്തിന്‍റെ ഉത്തരവാദിത്വം സി പി എം നേതൃത്വത്തിന് തന്നെയെന്ന് വ്യക്തമാകുന്നതാണ് ബോംബ് സ്ഫോടനത്തിൽ മരിച്ചയാളുടെ വീട്ടിൽ സി പി എം നേതാക്കളുടെ സന്ദർശനമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ ആരോപിച്ചു. സി.പി.എമ്മിന്‍റെ അറിവോടും സമ്മതത്തോടും കൂടിയാണ് ബോംബ് നിർമ്മാണമെന്ന് ശരിവെക്കുന്നതാണ് നേതാക്കളുടെ സന്ദർശനമെന്നും കെ. സുരേന്ദ്രൻ കോഴിക്കോട് മുക്കത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *