Your Image Description Your Image Description

 

കോഴിക്കോട്: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ തന്നെയാണ് അപ്പീല്‍ നല്‍കാന്‍ ചുമതലപ്പെടുത്തുന്നതന്ന് സെയ്ദ പറഞ്ഞു. സ്വദേശമായ കര്‍ണാടകയിലെ കുടകില്‍ നിന്ന് മഹല്ല് ഭാരവാഹികള്‍ക്കൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ടി ഷാജിതിനെ കാണാനായി കോഴിക്കോട്ടെത്തിയത്.

കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെട്ടയാളുടെ ഭാര്യ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. അന്വേഷണ സംഘത്തിന്‍റെ ഭാഗത്തും പ്രോസിക്യൂഷന്‍റെ ഭാഗത്തും വന്ന പിഴവുകളാണ് മൗലവി കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പ്രൊസിക്യൂട്ടറായിരുന്ന അഡ്വ ഷാജിതിനെ തന്നെ വിക്ടിം പെറ്റീഷന്‍ നല്‍കാനായി മൗലവിയുടെ കുടുംബം ചുമതലപ്പെടുത്തിയത്. അതിനിടെ അഡ്വ. ഷാജിതിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രംഗത്തെത്തി.

കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ഷാജിതിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാജി ഉന്നയിച്ചത്. പോക്സോ കേസ് പ്രതിയില്‍ നിന്ന് പണം വാങ്ങി ഇരയെ വഞ്ചിച്ചതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളെ പ്രൊസിക്യൂട്ടറാക്കിയതു വഴി കേസ് അട്ടിമറിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമമെന്നും ഷാജി കുറ്റപ്പെടുത്തി. എന്നാല്‍ ഷാജി ഉന്നയിച്ചത് വ്യാജ ആരോപണങ്ങളെന്നും ഉന്നയിച്ച കാര്യങ്ങളില്‍ ഏതെങ്കിലുമൊന്ന് തെളിയിക്കാനായാല്‍ അഭിഭാഷകവൃത്തി അവസാനിപ്പിക്കുമെന്നും അഡ്വ. ഷാജിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *