Your Image Description Your Image Description

 

പത്തനംതിട്ട: എൻഡിഎ സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണിക്കെതിരെ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങി, അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് അച്ചു ഉമ്മൻ പ്രചാരണത്തിന് ഇറങ്ങിയത്.

അനില്‍ ആന്‍റണി ബാല്യകാല സുഹൃത്താണെന്ന് നേരത്തേ അച്ചു ഉമ്മൻ പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണെങ്കിലും അച്ചു ഉമ്മൻ പത്തനംതിട്ടയില്‍ എത്തില്ലെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിട നല്‍കിക്കൊണ്ടാണ് പത്തനംതിട്ടയില്‍ അച്ചു ഉമ്മൻ ഇറങ്ങിയിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ഭാര്യ, മറിയാമ്മ ഉമ്മനും ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തിയിരുന്നു.

അനിലിനെതിരെ അല്ല, അനിലിന്‍റെ ആശയത്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നതെന്നും തന്‍റെ മക്കളാരും ജീവൻ പോയാലും ബിജെപിയിലേക്ക് ചേക്കേറില്ലെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കിയിരുന്നു. എ കെ ആന്‍റണിയുടെ കുടുംബവുമായുള്ള ബന്ധം വച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബം പത്തനംതിട്ടയില്‍ യുഡിഎഫിന് വേണ്ടി ഇറങ്ങില്ലെന്ന വാദം ശക്തമായി ഉയര്‍ന്നിരുന്നതാണ്. ഇതിനെ തടയിടാനാണ് യുഡിഎഫിന്‍റെ നീക്കം.

സ്ഥാനാർത്ഥി പര്യടനത്തിൽ മുഖ്യാതിഥിയായാണ് യുഡിഎഫ് ക്യാമ്പ് അച്ചുവിനെ കൊണ്ടുവന്നത്. വ്യക്തികള്‍ തമ്മിലല്ല മത്സരം, പാര്‍ട്ടികള്‍ തമ്മിലാണ്- അങ്ങനെയാണ് കാണേണ്ടത് എന്നാണ് പ്രചാരണത്തിനെത്തിയ ശേഷം അച്ചു ഉമ്മന്‍റെ പ്രതികരണം. അതേസമയം ആര് വന്നാലും പോയാലും തനിക്കൊന്നുമില്ലെന്നും മോദിയുടെ ശക്തിയിലാണ് താൻ മത്സരിക്കുന്നതെന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം.

ഇതിനിടെ കോൺഗ്രസിനെ ചതിച്ച് ബിജെപിയിൽ പോയ അനിൽ ആന്‍റണി തിരിച്ചുവരുമ്പോൾ സ്വീകരിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്‍റെ പരാമർശം വിവാദമായി. പ്രസംഗത്തിനിടെ ഇക്കാര്യം പറഞ്ഞപ്പോള്‍ ഉടൻ തന്നെ വേദിയില്‍ നിന്നും സദസില്‍ നിന്നും മറിച്ചുള്ള പ്രതികരണങ്ങള്‍ ഉയരുകയായിരുന്നു. അങ്ങനെയെങ്കില്‍ പറഞ്ഞത് പിൻവലിച്ചു എന്ന നിലപാടിലേക്ക് തുടര്‍ന്ന് പിജെ കുര്യനുമെത്തി.

Leave a Reply

Your email address will not be published. Required fields are marked *