Your Image Description Your Image Description

 

മുംബൈ: ഐപിഎല്‍ 2024 സീസണിലെ ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെ ഹാർദിക് പാണ്ഡ്യയെ കൂവുന്ന ആരാധകരെ വിമർശിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഹാർദിക് പാണ്ഡ്യയെ കൂവുന്നത് ശരിയല്ല എന്ന് വ്യക്തമാക്കിയ ദാദ, പാണ്ഡ്യയുടെ പിഴവ് കൊണ്ടല്ല ക്യാപ്റ്റനായത് എന്നും കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യന്‍സ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ രണ്ടുതട്ട് ക്രിക്കറ്റ് ലോകത്ത് നില്‍ക്കുമ്പോഴാണ് ഗാംഗുലി തന്‍റെ നയം വ്യക്തമാക്കിയത്.

‘ഹാർദിക് പാണ്ഡ്യയെ ആരാധകർ കൂവേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. ഹാർദിക്കിനെ കൂവുന്നത് ശരിയല്ല. അദേഹത്തെ ക്യാപ്റ്റനായി നിയമിച്ചത് ഫ്രാഞ്ചൈസിയാണ്. അതാണ് കായികരംഗത്ത് സംഭവിക്കുക. തീർച്ചയായും രോഹിത് ശർമ്മ ഒരു ക്ലാസ് താരമാണ്. മുംബൈ ഇന്ത്യന്‍സിനായും ടീം ഇന്ത്യക്കായും മറ്റൊരു തലത്തിലുള്ള പ്രകടനം പാണ്ഡ്യ പുറത്തെടുത്തിട്ടുണ്ട്. മുംബൈയില്‍ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത് ഹാർദിക്കിന്‍റെ പിഴവല്ല. അക്കാര്യം നമ്മളെല്ലാവരും മനസിലാക്കേണ്ടതുണ്ട്’ എന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഡയറക്ടർ കൂടിയാണ് ടീം ഇന്ത്യയുടെ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായ ഗാംഗുലി.

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് മുംബൈ ഇന്ത്യന്‍സ് സ്റ്റാർ ബാറ്റർ രോഹിത് ശർമ്മയെ മാറ്റി ഓൾറൗണ്ട‍ർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ 10 സീസണുകളില്‍ ടീമിനെ നയിക്കുകയും അഞ്ച് ഐപിഎല്‍ കിരീടം ഫ്രാഞ്ചൈസിക്ക് സമ്മാനിക്കുകയും ചെയ്ത രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ആരാധകർക്ക് ഉള്‍ക്കൊള്ളാനായില്ല. സീസണില്‍ മുംബൈ കളിച്ച മൂന്ന് മത്സരങ്ങളിലും കാണികള്‍ ഹാർദിക് പാണ്ഡ്യയെ കൂവി. പാണ്ഡ്യക്ക് കീഴില്‍ മൂന്ന് കളിയും മുംബൈ തോല്‍ക്കുകയും ചെയ്തതോടെ രോഹിത്തിന് ക്യാപ്റ്റന്‍സി മടക്കി നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം. എന്നാല്‍ ആരാധകരുടെ അതിരുവിട്ട പ്രകടനത്തില്‍ ഹാർദിക് പാണ്ഡ്യക്ക് പിന്തുണയും ക്രിക്കറ്റ് ലോകത്ത് നിന്ന് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *