Your Image Description Your Image Description
Your Image Alt Text

 

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം 100 കോടി ക്ലബ്ബിൽ ഇടംനേടിയതായി ട്രേഡ് അനലിസ്റ്റുകൾ. റിലീസ് ചെയ്ത് വെറും ഒൻപത് ദിവസത്തിൽ ആണ് ഈ സ്വപ്ന നേട്ടം പൃഥ്വിരാജ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമെന്ന ഖ്യാതിയും ആടുജീവിതത്തിന് സ്വന്തമാണ്. നടൻ സംവിധാനം ചെയ്ത ലൂസിഫർ 100കോടി ക്ലബ്ബിൽ എത്തിയിരുന്നുവെങ്കിലും അതില്‍ മോഹൻലാൽ ആയിരുന്നു നായകന്‍.

മാർച്ച് 28നാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം റിലീസ് ചെയ്തത്. ആദ്യ ഷോ മുതൽ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് കാട്ടിത്തന്ന ചിത്രം ബോക്സ് ഓഫീസിൽ നടത്തിയത് വൻ കുതിപ്പാണ്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിന് ഉള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിരുന്നു. ഏറ്റവും വേ​ഗത്തിൽ ഈ നേട്ടം കൊയ്ത മലയാള സിനിമ എന്ന ഖ്യാതിയാണ് ഇതിലൂടെ ആടുജീവിതം സ്വന്തമാക്കിയത്.

അനലിസ്റ്റുകളുടെ റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ പത്ത് ദിവസം പൂർത്തി ആക്കുന്നതിന് മുൻപ് 100കോടി ക്ലബ്ബിലും ആടുജീവിതം എത്തി. ഏറ്റവും വേ​ഗത്തിൽ നൂറ് കോടി തൊടുന്ന മലയാള ചിത്രമെന്ന ഖ്യാതിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്‍റെ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍. 2018 പത്ത് ദിവസം കൊണ്ടും മഞ്ഞുമ്മൽ ബോയ്സ് 12 ദിവസം കൊണ്ടും ആയിരുന്നു 100 കോടി ക്ലബ്ബിൽ എത്തിയിരുന്നത്.

കൂടാതെ 2024ലെ മൂന്നാമത്തെ 100 കോടി ക്ലബ്ബ് സിനിമ കൂടിയാണ് ആടുജീവിതം. ഒപ്പം മോളിവുഡിലെ ആറാമത്തെ 100 കോടി സിനിമയും ഇത് തന്നെ. പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ലൂസിഫർ എന്നിവയാണ് ആടുജീവിതത്തിന് മുൻപ് സെഞ്ച്വറി തികച്ച മലയാള സിനിമകൾ. എന്തായാലും ഈ പോക്കനുസരിച്ച് വലിയൊരു റെക്കോർഡിന് ആകും ആടുജീവിതം സാക്ഷിയാകുക എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 38 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ആടുജീവിതം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *