Your Image Description Your Image Description

 

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു.

കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്ന് സിബിഐ വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാൽ അതിന്റെ ബാക്കിയുള്ള കാര്യങ്ങൾ കൂടി സർക്കാരിന്റെ മേൽനോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകൾ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു.

കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തിൽ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാൽ കേസ് കൈമാറുന്നതിൽ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *