Your Image Description Your Image Description

 

അക്ര: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ 63 കാരനായ പുരോഹിതൻ 12 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചത് വിവാദമായി. ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലാണ് ആത്മീയ നേതാവായ നുമോ ബോർകെറ്റി ലവേ സുരു മുപ്പത്തിമൂന്നാമൻ 12കാരിയെ വിവാഹം കഴിച്ചത്. വലിയ ചടങ്ങിൽ നൂറുകണക്കിനാളുകളെ സാക്ഷിയാക്കി പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം. പരമ്പരാഗത മഹാപുരോഹിതൻ എന്നറിയപ്പെടുന്ന ‘ഗ്ബോർബു വുലോമോ’ എന്ന പദവി അലങ്കരിക്കുന്ന വ്യക്തിയാണ് സുരു.

നുങ്കുവ തദ്ദേശീയ സമൂഹത്തിൽ സ്വാധീനമുള്ള പദവിയാണിത്. ഘാനയിൽ വിവാഹം കഴിക്കാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 18 വയസ്സായിട്ടും ആർഭാടത്തോടെയാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിൻ്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. വിവാഹം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. വിവാഹം റദ്ദാക്കി വൈദികനെതിരേ അന്വേഷണം വേണമെന്നും ആവശ്യമുയർന്നു. അതേസമയം, നിരവധി സമുദായ നേതാക്കൾ വിവാഹത്തെ ന്യായീകരിച്ച് രംഗത്തെത്തി.

ആചാരങ്ങളും പാരമ്പര്യങ്ങളും പാലിക്കുന്നതിൽ തെറ്റില്ലെന്നും പുരോഹിതൻ്റെ ഭാര്യയെന്ന നിലയിൽ പെൺകുട്ടിയുടെ പങ്ക് തികച്ചും പാരമ്പര്യമായ ആചാരവുമാണെന്നും വാദമുയർന്നു. ആറാമത്തെ വയസ്സിൽ പുരോഹിതൻ്റെ ഭാര്യയാകാൻ ആവശ്യമായ ആചാരങ്ങൾ പെൺകുട്ടി ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറ‌യുന്നു. പെൺകുട്ടി ഇപ്പോൾ അവരുടെ അമ്മയ്‌ക്കൊപ്പമാണ്. വിവാദ വിവാഹത്തെക്കുറിച്ച് ഘാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *