Your Image Description Your Image Description

 

മുംബൈ: ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഓൾറൗണ്ട‍ർ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതില്‍ വിമർശനങ്ങള്‍ തുടരവെ താരത്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍‍ സ്‍പിന്നർ ഹർഭജന്‍ സിംഗ്. ഹാർദിക്കിനെ ക്യാപ്റ്റനായി താരങ്ങള്‍ എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്ന് ചോദിച്ച ഹർഭജന്‍, അദേഹത്തെ ടീമിലെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തിയതായി കുറ്റപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍താരം കൂടിയാണ് ഹർഭജന്‍.

മുംബൈ ഇന്ത്യന്‍സിലെ കാഴ്ചകള്‍ അത്ര നല്ലതല്ല. ഹാർദിക് പാണ്ഡ്യയെ എല്ലാവരും കയ്യൊഴിഞ്ഞു. ക്യാപ്റ്റനായി ടീമിലെ താരങ്ങള്‍ പാണ്ഡ്യയെ അംഗീകരിക്കേണ്ടതുണ്ട്. ഫ്രാഞ്ചൈസി എടുത്ത തീരുമാനം താരങ്ങള്‍ ഒറ്റക്കെട്ടായി അംഗീകരിക്കേണ്ടതുണ്ട്. ഞാന്‍ കളിച്ചിട്ടുള്ള ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിലെ കാഴ്ചകള്‍ അത്ര സുഖകരമായി തോന്നിന്നില്ല. മുംബൈ ഇന്ത്യന്‍സ് ഡ്രസിംഗ് റൂമിലെ വന്‍മരങ്ങള്‍ ക്യാപ്റ്റനായി ഹാർദിക്കിനെ സ്വാതന്ത്യത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. ബോധപൂർവമോ അല്ലാതെയോ ടീമിലെ നിരവധി പേർ ഹാർദിക് പാണ്ഡ്യയെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇത് ഏതൊരു ക്യാപ്റ്റനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്’ എന്നും ഹർഭജന്‍ സിംഗ് കൂട്ടിച്ചേർത്തു.

ഐപിഎല്‍ 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനാക്കിയത്. എന്നാല്‍ ഇത് വലിയ വിവാദമാവുകയും ആരാധകർ പ്രതിഷേധിക്കുകയും ചെയ്തു. ഈ സീസണില്‍ മുംബൈ കളിച്ച മൂന്ന് മത്സരങ്ങളിലും പാണ്ഡ്യയെ ആരാധകർ കൂവി. പാണ്ഡ്യയുടെ നായകത്വത്തില്‍ മൂന്ന് കളികളും മുംബൈ ഇന്ത്യന്‍സ് തോറ്റതിലും വിമർശനം ശക്തമാണ്. രോഹിത്തിനെ വീണ്ടും ക്യാപ്റ്റനാക്കണം എന്നാണ് ഒരുവിഭാഗം ആരാധകരുടെ വാദം. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഏറ്റവും താഴെയാണ് മുംബൈ ഇന്ത്യന്‍സ് നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *