Your Image Description Your Image Description

 

വിനോദ യാത്രയ്ക്കിടെ എട്ട് പേരെ ആഫ്രിക്കൻ ദ്വീപിൽ ഉപേക്ഷിച്ച് ക്രൂയിസ് കപ്പൽ പുറപ്പെട്ടെന്ന് ആരോപണം. ഗർഭിണിയും ഹൃദ്രോഗിയും അടക്കമുള്ളവരാണ് പണമോ മറ്റ് അവശ്യ സാധനങ്ങളോ മരുന്നുകളോ ഇല്ലാതെ കുടുങ്ങിയത്. വൈകി എത്തിയതിനാൽ ഇവരെ കപ്പലിൽ കയറാൻ ക്യാപ്റ്റൻ അനുവദിച്ചില്ലെന്നാണ് ആരോപണം. നോ‍വീജിയൻ ക്രൂയിസ് ലൈൻ ഷിപ്പിലെ യാത്രയ്ക്കിടെ സഞ്ചാരികൾ മദ്ധ്യ ആഫ്രിക്കൻ ദ്വീപായ സാവോ ടോമിൽ ഇറങ്ങിയിരുന്നു. എന്നാൽ കപ്പൽ ഇവിടെ നിന്ന് പുറപ്പെട്ടപ്പോൾ കയറാൻ കഴിയാതെ വന്ന എട്ട് പേരാണ് ദ്വീപിൽ പെട്ടത്.

ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് കപ്പലിൽ കയറാൻ കഴിയാതിരുന്ന യാത്രക്കാരിലൊരാൾ പറഞ്ഞു. തുടർന്ന് കപ്പൽ ഇനി നങ്കൂരമിടുന്ന സ്ഥലത്തെത്തി യാത്ര തുടരാനുള്ള ശ്രമത്തിലാണ് സംഘം. അതേസമയം കപ്പലിൽ നിന്ന് ഇടയ്ക്ക് ഇറങ്ങിയവ‍ർ തിരിച്ചെത്തേണ്ട സമയത്ത് എത്തിയില്ലെന്ന് നോർവിജിയൻ ക്രൂയിസ് ലൈൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ദ്വീപിൽ ഇറങ്ങിയ എട്ടംഗ സംഘം അവിടെ ഒരു സ്വകാര്യ ടൂ‍ർ അറേഞ്ച് ചെയ്തിരുന്നു. എന്നാൽ ഇത് കഴിഞ്ഞ് തിരിച്ചെത്തേണ്ട സമയത്ത് അവ‍ർക്ക് എത്താൻ സാധിച്ചില്ല. പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് എത്തണമെന്നാണ് എല്ലാവരെയും അറിയിച്ചിരുന്നതെന്നും കമ്പനി പറയുന്നു.

“നിർഭാഗ്യകരമായ സംഭവമാണെങ്കിലും സമയത്ത് തിരിച്ച് എത്തേണ്ട ഉത്തരവാദിത്തം യാത്രക്കാർക്ക് തന്നെയാണ്. സമയക്രമം കപ്പലിലെ ഇന്റർകോം സംവിധാനങ്ങൾ വഴി എല്ലാവരെയും അറിയിച്ചിരുന്നു”. എന്നാൽ തങ്ങളെ സമയത്ത് തിരിച്ചെത്തിക്കുന്നതിൽ ഗൈഡ് പരാജയപ്പെട്ടുവെന്നാണ് കുടുങ്ങിയ യാത്രക്കാരുടെ വാദം. തങ്ങൾ പോർട്ടിൽ എത്തിയപ്പോഴും കപ്പൽ അവിടെ നങ്കൂരമിട്ടിരിക്കുകയായിരുന്നു. ബോട്ടിൽ കപ്പലിലെത്തിക്കാൻ ദ്വീപിലെ കോസ്റ്റ് ഗാർഡ് തയ്യാറാവുകയും ചെയ്തു. എന്നാൽ ക്യാപ്റ്റൻ അനുമതി നൽകിയില്ല. ഇതോടെ സാധനങ്ങളോ പണമോ മരുന്നുകളോ എടുക്കാതെ ദ്വീപിൽ അകപ്പെടുകയായിരുന്നു.

ഇനി 15 മണിക്കൂറുകൾ മറ്റ് മാർഗങ്ങളിലൂടെ സഞ്ചരിച്ച് ഗാംബിയയിൽ നിന്ന് കപ്പലിൽ കയറാൻ ഇവർ ശ്രമിച്ചു. ഇതിനായി ആറ് രാജ്യങ്ങളിലൂടെ കടന്നുപോയെങ്കിലും സാധിച്ചില്ല. സംഘത്തിലുള്ള പലരും പ്രായമായവരാണെന്നും മരുന്ന് കിട്ടാതെ ഹൃദ്രാഗി അവശനായെന്നും യാത്രക്കാർ പറഞ്ഞു. ഇനി വീണ്ടും യാത്ര ചെയ്ത് സെനഗലിലെത്തി കപ്പലിൽ കയറാനാവുമെന്ന പ്രതീക്ഷയിലാണ് എട്ടംഗ സംഘം.

Leave a Reply

Your email address will not be published. Required fields are marked *