Your Image Description Your Image Description

 

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മനേക ഗാന്ധിക്കായി മകൻ വരുണ്‍ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കുന്നതിൽ എതിർത്ത് ബിജെപി സഖ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച വരുണിനെ ഇറക്കിയാൽ തിരിച്ചടി നേരിടുമെന്നാണ് ബിജെപിക്കുള്ളിലെ വിലയിരുത്തൽ. വരുൺ മറ്റ് പാർട്ടികളിൽ പോകുമോയെന്ന് തനിക്കറിയില്ലെന്ന് മനേക ഗാന്ധി പ്രതികരിച്ചു. മണ്ഡലം നിശ്ചയിക്കാൻ കാലതാമസമുണ്ടായതു കൊണ്ടാണ് തൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാൻ വൈകിയതെന്നും മനേക പറഞ്ഞു.

പിലിഭിത് എംപി വരുൺ ഗാന്ധിക്ക് ഇത്തവണ ബിജെപി ടിക്കറ്റ് ലഭിച്ചിരുന്നില്ല. പിന്നാലെ തൻ്റെ മണ്ഡലത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കുമെന്നും തന്റെ വാതിലുകൾ അവർക്ക് മുന്നിൽ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിലിഭിത്തുമായുള്ള തൻ്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണെന്ന് വരുൺ ഗാന്ധി പറഞ്ഞു. പിലിഭിത്തിൻ്റെ പുത്രൻ എന്നാണ് അദ്ദേഹം കത്തിൽ സ്വയം വിശേഷിപ്പിച്ചത്. സാധാരണക്കാരൻ്റെ ശബ്ദം ഉയർത്താനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാൻ നിങ്ങളുടെ അനുഗ്രഹം തേടുന്നു. താനും പിലിഭിത്തും തമ്മിലുള്ള ബന്ധം സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയുമാണെന്നും അദ്ദേഹം പറഞ്ഞു.

“1983ൽ അമ്മയുടെ വിരൽത്തുമ്പിൽ ആദ്യമായി പിലിഭിത്തിലെത്തിയ ആ മൂന്ന് വയസ്സുകാരനെ ഞാൻ ഓർക്കുന്നു. അന്ന് അവൻ അറിഞ്ഞിരുന്നില്ല, ഈ മണ്ണ് അവന്റെ കർമമണ്ഡലമാകുമെന്നും ഇവിടുത്തെ ജനങ്ങൾ തൻ്റെ കുടുംബമായി മാറുമെന്നും”- വരുൺ ​ഗാന്ധി കുറിച്ചു. വരുണ്‍ രണ്ടുതവണ പിലിഭിത്തിൽ മത്സരിച്ച് എംപിയായിട്ടുണ്ട്. അതിനിടെ വരുൺ ​ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹവും ശക്തമാണ്. സമാജ് വാദി പാർട്ടിയും കോൺ​ഗ്രസും വരുണിനെ ക്ഷണിച്ചിട്ടുണ്ട്. വരുണിനായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞ‌ു. അഴിമതി തൊട്ടുതീണ്ടിയിട്ടില്ല, ഗാന്ധിയന്‍ ആദര്‍ശങ്ങളോട് താല്‍പര്യമുണ്ട്. ഗാന്ധി കുടുംബവുമായുള്ള ബന്ധം കാരണമാണ് വരുണിന് സീറ്റ് നിഷേധിച്ചതെന്നും വരുണ്‍ കോണ്‍ഗ്രസില്‍ തന്നെ എത്തുമെന്നും അധിര്‍ ര‍‍ഞ്ജന്‍ ചൗധരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *