Your Image Description Your Image Description

 

ഡൽഹി: റിക്രൂട്ടിങ് തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് ഡൽഹിയിലെത്തി. ഇന്ന് രാവിലെയാണ് റഷ്യയില്‍ നിന്ന് ഡൽഹിയിലെത്തിയത്. സിബിഐ ഓഫീസില്‍ നിന്നും വിവരമറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു.
റിക്രൂട്ടിങ് തട്ടിപ്പിനിരയായാണ് പ്രിന്‍സ് ഉള്‍പ്പെടെ ഒട്ടേറെപേര്‍ റഷ്യയില്‍ അകപ്പെട്ടത്. യുക്രെയ്ൻ അതിർത്തിയിൽനിന്നും വെടിയേറ്റ് കാലിന് ഗുരുതര പരിക്കേറ്റ പ്രിൻസ് എംബസിയുടെ സഹായത്തോടെയാണ് ഡൽഹിയിലെത്തിയത്. സിബിഐ സംഘം റിക്രൂട്ട്മെൻ്റ് ഏജൻസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രിൻസിനെ നാട്ടിലേക്കയക്കും. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പ്രിന്‍സിന്‍റെ പാസ്പോർട്ടും വിസയുമെല്ലാം റഷ്യൻ സൈന്യത്തിന്‍റെ കൈയിലായിരുന്നു. ജനുവരിയിലാണ് തുമ്പ സ്വദേശിയായ പ്രിയൻ എന്ന ഏജന്റ് മുഖേന പ്രിൻസ്, ടിനു, വിനീത് എന്നിവർ റഷ്യയിലേക്ക് പോയത്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഏഴ് ലക്ഷം രൂപ വീതം ഓരോരുത്തരം നൽകി. റഷ്യയിലെത്തി രണ്ടാഴ്ച വിളിച്ചുവെന്ന് യുവാക്കളുടെ അമ്മമാർ പറയുന്നു. പിന്നീട് മക്കളെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരാഴ്ച മുമ്പാണ് പ്രിൻസ് വിളിച്ചത്. അപ്പോഴാണ് യുക്രെയിനെതിരെ യുദ്ധത്തിനായാണ് യുവാക്കളെ കൊണ്ടുപോയതെന്ന വിവരം കുടുംബം അറിഞ്ഞത്.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പൻ അടുത്ത ദിവസം നാട്ടിലെത്തും. ഡേവിഡിൽ നിന്നും സിബിഐ സംഘം വിശദമായി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് നാട്ടിലേക്ക് തിരിച്ചയക്കുന്നത്. റഷ്യയിലേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ് കേസിൽ ഇപ്പോള്‍ സിബിഐ അന്വേഷണം നടക്കുകയാണ്. റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തുന്ന മൂന്ന് പേർ ഉള്‍പ്പെടെ കേസിൽ പ്രതികളാണ്.

Leave a Reply

Your email address will not be published. Required fields are marked *