Your Image Description Your Image Description

ആദ്യം വെടിക്കെട്ട്, പിന്നെ രജനികാന്തിന്റെ ‘ജയിലറി’ലെ ത്രസിപ്പിക്കുന്ന തീം മ്യൂസിക്. അണികൾക്ക് ആവേശമായി മാസ് ഹീറോയുടെ പരിവേഷത്തിൽ കാറിൽ നിന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണം ജ്വലിപ്പിക്കാൻ ഇന്നലെ മുതലാണ് ക്യാപ്റ്റൻ കളത്തിലിറങ്ങിയത്.

ആദ്യം നെയ്യാറ്റിൻകരയിൽ. പിന്നെ തിരുവല്ലത്ത്. വൈകിട്ട് പേട്ടയിൽ.തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പോർമുഖത്ത് പിണറായി പടനായകനായി. ബി.ജെ.പിയുടെ നയങ്ങൾ രാജ്യത്തിന് ആപത്താണെന്ന് ഓരോ വേദിയിലും ആവർത്തിച്ചു.

കോൺഗ്രസിന്റെ നിലപാടുകൾക്കും നിശിത വിമർശനം. മതനിരപേക്ഷതയുടെ ഭാഗത്ത് നിന്ന് വർഗീയതയെ എതിർക്കുന്നതിൽ പാർലമെന്റിൽ ചാഞ്ചാട്ടം പാടില്ലെന്ന് ഓർമ്മിപ്പിച്ചു. ഒരുമണിക്കൂർ നീളുന്ന പ്രസംഗങ്ങളിൽ പൗരത്വഭേദഗതിയിലെ മതന്യൂനപക്ഷങ്ങളുടെ ആശങ്കയും ഇലക്ടറൽ ബോണ്ട് വിഷയവും വിശ്വസനീയമായി ജനങ്ങളോട് വിശദീകരിച്ചു.

വേനൽ ചൂട് വകവയ്ക്കാതെ സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടമാണ് ഓരോ വേദിയിലും മുഖ്യമന്ത്രിയെ കേൾക്കാനെത്തിയത്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും മുഖ്യമന്ത്രിയെ വരവേറ്റു. രാവിലെ 10.30ന് നെയ്യാറ്റിൻകര അക്ഷയ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യപരിപാടി.

ബി.ജെ.പി കേരളത്തിൽ വിജയിക്കില്ലെന്ന് പിണറായി അടിവരയിട്ടു പറഞ്ഞു. മതനിരപേക്ഷതയുടെ നാട്ടിൽ ബി.ജെ.പിയുടെ നിലപാട് വിലപോവില്ല. ജനകോടികളാണ് പൗരത്വവിഷയത്തിൽ തീ തിന്നുന്നത്. ഇതിൽ നിലപാട് ചോദിച്ചപ്പോൾ കോൺഗ്രസിന്റെ ദേശീയ പ്രസിഡന്റ് ചിരിക്കുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.

വൈകിട്ട് 4.55ന് രണ്ടാമത്തെ വേദിയായ തിരുവല്ലം മൈതാനത്ത് മുഖ്യമന്ത്രി എത്തി. കൈവീശി പ്രവർത്തകരെ ആവേശഭരിതരാക്കി. രാജ്യത്ത് ജനാധിപത്യം അപകടരമായ അവസ്ഥയിലാണെന്ന് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റും കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധതയും ഉയർത്തിക്കാട്ടി. ഇലക്ടറൽ ബോണ്ട് വൻ അഴിമതിയാണ്. ബി.ജെ.പിക്ക് മാത്രമല്ല കോൺഗ്രസിനും പങ്ക് കിട്ടി.

കേജ്‌രിവാളിന്റെ അറസ്റ്റിന് പിന്നിലും ഇലക്ടറൽ ബോണ്ടിന്റെ സ്വാധീനമുണ്ട്. കോൺഗ്രസ് ഇതര പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്രഏജൻസികൾ രംഗത്തിറങ്ങുമ്പോൾ കോൺഗ്രസ് ഏജൻസികൾക്കൊപ്പം ചേരുന്ന കാഴ്ചയാണ് കാണുന്നത് .

വൈകിട്ട് 6.15ന് മൂന്നാമത്തെ വേദിയായ പേട്ട കെ.പങ്കജാക്ഷൻ പാർക്കിലെത്തി. ആവേശം ഒട്ടും ചോരാതെ ബി.ജെ.പിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചു. സംസ്ഥാനത്തിന് അർഹപ്പെട്ട പണം നൽകാതെ പ്രതിസന്ധിയിലാക്കിയ ദുഷ്ടമനസാണ് ബി.ജെ.പിയുടേത്.കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ പ്രതിഷേധിച്ചില്ല.

പൗരത്വഭേദഗതി, എൻ.ഐ.എ ഭേദഗതി, യു.എ.പി.എ ബില്ല്, തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പിയ്ക്കൊപ്പമായിരുന്നു കോൺഗ്രസ്. ഇതിലെല്ലാം പാർലമെന്റിൽ എതിർശബ്ദമായത് ആലപ്പുഴയിലെ ആരിഫ് മാത്രമാണ്. യു.ഡി.എഫ് എം.പിമാർ ഓടി മൂലയിൽ ഒളിച്ചെന്നും അദ്ദേഹം പരിഹസിച്ചു.

കേരളത്തിലെ 20 മണ്ഡലങ്ങളിലും ക്യാപ്റ്റൻ പര്യടനം നടത്തും , ഓരോ മണ്ഡലത്തിലും കുറഞ്ഞത് മൂന്ന് യോഗങ്ങളിലെങ്കിലും പ്രസംഗിക്കും . അവസാനത്തെ യോഗം കണ്ണൂരിലാണ് .

Leave a Reply

Your email address will not be published. Required fields are marked *