Your Image Description Your Image Description

 

ലഖ്നൗ: ഇന്നലെ ലഖ്നൗ-പഞ്ചാബ് മത്സരം സാക്ഷ്യം വഹിച്ചത് തികച്ചും അപ്രതീക്ഷിതമായ ഒരു കാഴ്ചയായിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷമാണ് ഇംപാക്ട് പ്ലേയര്‍ നിയമനമുണ്ടായത്. അതിനു ശേഷം പല കളിക്കാരും ഇംപാക്ട് സബ്ബായി ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു ടീമിന്‍റെ ക്യാപ്റ്റനെ തന്നെ ഇംപാക്ട് പ്ലേയറായി ഇറക്കുകയായിരുന്നു ഇന്നലെ. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ലഖ്നൗ നായകൻ കെ എല്‍ രാഹുലാണ് ഇംപാക്ട് സബ്ബായി കളിച്ചത്. ഒമ്പത് പന്ത് നേരിട്ട രാഹുല്‍ 15 റണ്‍സെടുത്ത് പുറത്തായി വലിയ ഇംപാക്ടൊന്നും ഉണ്ടാക്കിയില്ലെങ്കിലും ക്യാപ്റ്റനെ ഇംപാക്ട് പ്ലേയറാക്കാനുള്ള കാഞ്ഞ ബുദ്ധി ആരുടേതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് പിന്നില്‍ ലഖ്നൗ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറാണെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

രാഹുല്‍ ഇംപാക്ട് പ്ലേയറായി മാത്രം ബാറ്റ് ചെയ്തപ്പോള്‍ പഞ്ചാബ് ഇന്നിംഗ്സിനിടെ ടീമിനെ നയിച്ചത് വൈസ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാനായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ രാഹുലിന് വിശ്രമം നല്‍കാനായാണ് ഇംപാക്ട് പ്ലേയറായി കളിപ്പിച്ചതെന്നാണ് ജസ്റ്റിന്‍ ലാംഗര്‍ നല്‍കുന്ന വിശദീകരണം. തൊട്ടു മുന്‍ മത്സരങ്ങളില്‍ രാഹുല്‍ പന്തുകളേറെ പാഴാക്കുന്നതില്‍ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാണോ രാഹുലിനെ മാറ്റാനുള്ള കാരണമെന്ന് വ്യക്തമല്ല. രാഹുലിനെ ഇംപാക്ട് പ്ലേയറായി കളിപ്പിക്കാനുള്ള തീരുമാനം പൂര്‍ണമായും കോച്ചിന്‍റേതാണെന്നും രാഹുലിന് പരിക്കൊന്നുമില്ലെന്നുമാണ് ലഖ്നൗ ടീം വൃത്തങ്ങള്‍ പറയുന്നത്.

രാഹുലിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം അത്ര സേഫല്ല എന്നൊരു സൂചനയും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് ആരാധകര്‍ കരുതുന്നുണ്ട്. സീസണ്‍ തുടങ്ങും മുമ്പെ നിക്കോളാസ് പുരാനെ വൈസ് ക്യാപ്റ്റനായി ലഖ്നൗ പ്രഖ്യാപിച്ചത് രാഹുലിന്‍റെ പരിക്കിന്‍റെ ചരിത്രം കണക്കിലെടുത്തായിരുന്നു. എന്നാല്‍ രാഹുല്‍ പൂര്‍ണമായും ഫിറ്റായിരുന്നിട്ടും ഇംപാക്ട് പ്ലേയറായി കളിപ്പിച്ചത് ടീമില്‍ കോച്ച് പിടിമുറുക്കുന്നതിന്‍റെ സൂചനയായും വിലയിരുത്തലുണ്ട്. മുമ്പ് ഓസ്ട്രേലിയന്‍ ദേശീയ ടീം പരിശീലകനായിരുന്ന ജസ്റ്റിന്‍ ലാംഗറുടെ പരിശീലന രീതികളോട് ഓസ്ട്രേലിയന്‍ താരങ്ങള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ലാംഗര്‍ പുറത്തായത്.

ലഖ്നൗവിലും കോച്ച് ആണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ ലഖ്നൗ ആദ്യം ബാറ്റ് ചെയ്യുന്ന മത്സരങ്ങളില്‍ രാഹുലിനെ ഇംപാക്ട് സബ്ബാക്കിയാല്‍ മാത്രമെ രണ്ടാം ഇന്നിംഗ്സില്‍ ബൗള്‍ ചെയ്യുമ്പോള്‍ പകരം മറ്റൊരു ബൗളറെയോ ഫീല്‍ഡറെയോ ഇറക്കാനാവു എന്നും ഇല്ലെങ്കില്‍ ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കേണ്ടിവരുമെന്നുമാണ് തീരുമാനത്തിന് കാരണമെന്ന് ലാംഗര്‍ വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *