Your Image Description Your Image Description
Your Image Alt Text

സ്കൂള്‍ ജീവിത കാലഘട്ടത്തിലേയ്ക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ പഠിപ്പിച്ച അധ്യാപകരെയൊക്കെ മറന്നാലും കായികാധ്യാപകനെയും പി ടി പീരിയടുകളും നമുക്ക് മറക്കാന്‍ കഴിയാറില്ല. പിന്നീടങ്ങോട്ട്‌ ഏതാനും കുട്ടികള്‍ സ്പോര്‍ട്സില്‍ താല്പര്യം കാണിക്കുകയും ഭൂരിഭാഗവും മറ്റ് കോഴ്സുകളിലേയ്ക്ക് ഉപരിപടനത്തിനായി തിരിയുകയും കളിച്ച് നടക്കുന്നവരെ പലരും അവഗണിക്കുകയുമാണ് പതിവ്. എന്നാല്‍ കളിയാണ് മനസ്സിലെങ്കില്‍ അതിനെ കരിയറാക്കുവാന്‍ കോഴ്സുകളും അവസരങ്ങളും ഏറെയുണ്ട്.

സ്പോര്‍ട്സ് എന്ന ആഗോള വ്യവസായം

ലോകത്തെ ഏറ്റവും പ്രധാന തൊഴില്‍ മേഖലകളിലൊന്നാണ് സ്പോര്‍ട്സ്. ഒരുകാലത്ത് സ്പോര്‍ട്സിനോടുള്ള അഭിനിവേശം മാത്രമായിരുന്നു സ്പോര്‍ട്സിനെ മുന്നോട്ട് നയിച്ച ശക്തിയെങ്കില്‍ ഇന്ന്‍ സ്പോര്‍ട്സിനോടുള്ള അഭിനിവേശവും ആധുനിക സ്പോര്‍ട്സ് മാനേജ്മെന്‍റ് തന്ത്രങ്ങളിലുള്ള അവഗാഹവും സ്പോര്‍ട്സിനെ ആഗോള വ്യവസായമാക്കിയിരിക്കുന്നു.

കായിക മേഖല, തൊഴിലവസരങ്ങളുടെ ഖനി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (ഐ. പി. എല്‍.) ആവിര്‍ഭാവം വരെയും കായിക മേഖലയില്‍ നമുക്കറിയാവുന്ന തൊഴിലുകള്‍ കായിക പരിശീലകന്‍, ഒഫീഷ്യലുകള്‍, കായികാധ്യാപകന്‍ എന്നിവരുടേത് മാത്രമായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, പ്രോക്കബഡി എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗുകളുടെ കടന്നുവരവാണ് കായിക മേഖലയിലെ തൊഴിലവസരങ്ങളുടെ വര്‍ദ്ധനവിന് കളമൊരുക്കിയത്.

കായികാധ്യാപകര്‍, പേഴ്സണല്‍ ട്രെയിനര്‍, കായിക താരങ്ങളെ സമ്പന്നരും സെലിബ്രിറ്റികളുമാക്കി മാറ്റുന്ന സ്പോര്‍ട്സ് ഏജന്റുമാര്‍, സ്പോര്‍ട്സ് ലീഗുകള്‍ രൂപകല്‍പന ചെയ്യുകയും നടത്തുകയും ചെയ്യുന്ന ലീഗ് മാനേജര്‍മാര്‍, ടൂര്‍ണമെന്റുകള്‍ രൂപകല്‍പന ചെയ്യുകയും നടത്തുകയും ചെയ്യുന്ന ടൂര്‍ണമെന്റ് മാനേജര്‍മാര്‍, ക്ലബ്ബുകളെ നയിക്കുന്ന ക്ലബ് മാനേജര്‍മാര്‍, ടീമുകളെ നയിക്കുന്ന ടീം മാനേജര്‍മാര്‍, സ്പോര്‍ട്സ് പി. ആര്‍. ഒമാര്‍, സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്, സ്പോര്‍ട്സ് അക്കൌണ്ട്സ് എക്സിക്കുട്ടീവുകള്‍, പ്ലയര്‍ ലയ്സന്‍ ഓഫീസര്‍മാര്‍, സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ് മാനേജര്‍മാര്‍, എന്നിവയും ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ലഭിക്കാവുന്ന തൊഴില്‍ മേഖലകളാണ്.

വിവിധ കായിക മത്സരങ്ങളുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്ന സ്പോര്‍ട്സ് ഇവന്‍റ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, സ്റ്റേഡിയങ്ങള്‍, നീന്തല്‍ കുളങ്ങള്‍, ജിംനേഷ്യം, പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്പോര്‍ട്സ് ഫസിലിറ്റികളുടെ നടത്തിപ്പിന്‍റെ ചുമതലയുള്ള സ്പോര്‍ട്സ് ഫസിലിറ്റി മാനേജര്‍മാര്‍, പൊതുജനത്തെ വിവിധ കായിക ഇനങ്ങളിലെയ്ക്കും ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്കും ആകര്‍ഷിക്കുന്നതിന് ആവശ്യമായ വിവിധ പ്രോജക്ടുകള്‍ തയ്യാറാക്കി നടപ്പാക്കുന്ന സ്പോര്‍ട്സ് ഡെവലപ്മെന്റ് ഓഫീസര്‍, നാളത്തെ സൂപ്പര്‍ താരങ്ങളെ ഇന്ന് തന്നെ കണ്ടെത്തി അവരെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ക്ലബിന്‍റെ പാളയത്തില്‍ എത്തിക്കുന്ന പ്രൊഫഷണല്‍ സ്കൌട്ടുകള്‍, സ്പോര്‍ട്സ് അനലിസ്റ്റ്, സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്, കമന്‍റെറ്റര്‍മാര്‍, പെര്‍ഫോര്‍മന്‍സ് അനലിസ്റ്റുകള്‍, ഡേറ്റ അനലിസ്റ്റുകള്‍, വീഡിയോ അനലിസ്റ്റുകള്‍, കോളമിസ്റ്റുകള്‍ എന്നിങ്ങനെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠിച്ചാല്‍ സാദ്ധ്യതകളെറെയാണ്.

സംസ്‌കൃത സർവ്വകലാശാലയിൽ എം. പി. ഇ. എസ്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് (എം. പി. ഇ. എസ്.) പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലാണ് പ്രോഗ്രാം നടത്തുന്നത്.

പ്രവേശനം എങ്ങനെ?

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നും 50% മാർക്കോടെ ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം (ബി.പി.ഇ./ബി.പി.എഡ്./ബി.പി.ഇ.എസ്.) നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2024 ജൂലായ്‌ ഒന്നിന് 28 വയസ്സില്‍ താഴെയായിരിക്കണം. പ്രവേശന പരീക്ഷ (50 മാര്‍ക്ക്), ഗെയിം പ്രൊഫിഷ്യൻസി (25 മാര്‍ക്ക്), ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് (15 മാര്‍ക്ക്), സ്‌പോട്‌സിൽ കൈവരിച്ച നേട്ടങ്ങൾ (10 മാര്‍ക്ക്) എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സെലക്ഷന്‍ ടെസ്റ്റില്‍ 50% മാര്‍ക്ക് (എസ്. സി./എസ്. ടി. വിഭാഗക്കാര്‍ക്ക് 45% മാര്‍ക്ക്) നേടിയവരെ മാത്രമേ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. പ്രവേശന പരീക്ഷയുടെ സിലബസ് ഫിസിക്കൽ എഡ്യുക്കേഷനിലെ ബിരുദകോഴ്‌സ് അടിസ്ഥാനമാക്കിയായിരിക്കും. 2024 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. ഇവർ 2024 ആഗസ്റ്റ് 31ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

അവസാന തീയതി ഏപ്രിൽ 24

ഏപ്രിൽ 24ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. എന്‍ട്രന്‍സ്‌ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകള്‍ മെയ് രണ്ടുവരെ ഡൌണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷകൾ മെയ് 13 മുതൽ 16 വരെ, സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 27ന് റാങ്ക് ലിസ്റ്റ്പ്രസിദ്ധീകരിക്കും. ജൂണ്‍ 12ന് ക്ലാസ്സുകള്‍ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.ssus.ac.in സന്ദർശിക്കുക. ഫോൺ: 0484-2699731.

Leave a Reply

Your email address will not be published. Required fields are marked *