Your Image Description Your Image Description
Your Image Alt Text

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ക്രൈസ്തവർ പുര്‍ണമായും ദൈവത്തിനു സമര്‍പ്പിക്കുന്നു.

ഇംഗ്ലീഷില്‍ ഈ ദിനം ‘ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം മറ്റുള്ളവര്‍ക്കു വേണ്ടി പീഡകള്‍ സഹിച്ചു യേശു കുരിശില്‍ മരിച്ചു. കുരിശുമരണത്തിലൂടെ ഈശോ മാനവരാശിയെ പാപങ്ങളില്‍ നിന്നു രക്ഷിച്ച് പുതുജീവൻ നൽകുകയായിരുന്നു.

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്ത വരെ കുരിശും വഹിച്ചുകൊണ്ടുള്ള ഈശോയുടെ യാത്ര അവിടുത്തെ സഹനത്തിന്റെ ഏറ്റം വലിയ ഉദാഹരണമായിരുന്നു. കുറ്റമറ്റവനായിട്ടും ഈശോ കുരിശുമരണത്തിനു വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ മരിച്ചു. കുരിശില്‍ കിടന്നു കൊണ്ട് ഈശോ അവസാനമായി പറഞ്ഞ ഏഴു കാര്യങ്ങള്‍ ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍ ഓരോരുത്തരും ധ്യാനിക്കേണ്ടവയാണ്. ഉദാത്തമായ മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉദാഹരണങ്ങളാണ് അവ ഓരോന്നും.

കുരിശിന്റെ രഹസ്യവും മഹത്വവും ദൈവിക പദ്ധതിയില്‍ അതിനുള്ള സ്ഥാനവും വ്യക്തമാക്കുന്ന പ്രാര്‍ഥനകളും കര്‍മങ്ങളുമാണ് ക്രിസ്തീയ ദേവാലയങ്ങളില്‍ ദുഃഖ വെള്ളിയാഴ്ച ദിവസം നടക്കുന്നത്. ദേവാലയങ്ങളില്‍ നടക്കുന്ന തിരുകര്‍മങ്ങളില്‍ പ്രധാനം പീഡാനുഭവ വായനയാണ്. പീലാത്തോസിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ മുതല്‍ അവിടുത്തെ മൃതശരീരം അടക്കം ചെയ്യുന്നതു വരെയുള്ള സംഭവങ്ങള്‍ പീഡാനുഭവ വായനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കുരിശിന്റെ വഴി, വി. കുരിശിന്റെ അനാച്ഛാദനം, ആരാധന, വിശുദ്ധ കുര്‍ബാന സ്വീകരണം എന്നിവയും ചടങ്ങുകളിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *