Your Image Description Your Image Description
Your Image Alt Text

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല വരെ കുരിശും വഹിച്ചുള്ള യേശുദേവന്റെ യാത്ര അനുസ്മരിച്ച് വിശ്വാസികള്‍ ദുഃഖവെള്ളി ദിനത്തിൽ കുരിശിന്റെ വഴിയും നടത്തിവരുന്നു. കാല്‍വരിക്കുന്നിനു മുകളില്‍ കുരിശില്‍ തറക്കപ്പെട്ട് സ്വന്തം ജീവന്‍ ബലി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഖവെളളി ആചരിക്കുന്നത്. മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടിയായിരുന്നു കുരിശും ചുമന്ന് കാല്‍വരി കുന്നിലേക്ക് യേശുക്രിസ്തു നടന്നു കയറിയത്. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശുക്രിസ്തു മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും കുരിശ് വഹിച്ച് ഗാഗുല്‍ത്താമല ചവിട്ടിയതും എല്ലാം മനുഷ്യകുലത്തിനു വേണ്ടിയായിരുന്നു.

യേശുവിന്റെ 12 അനുയായികളിലൊരാളായ യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു, അങ്ങനെ അദ്ദേഹത്തിന് മതപുരോഹിതന്മാര്‍ കുരിശുമരണം വിധിച്ചു. അക്കാലത്ത് നിലനിന്നിരുന്ന ഏറ്റവും മോശമായ വധശിക്ഷാ രീതിയായിരുന്നു കുരിശുമരണം. പീലാത്തോസിന്റെ ഭവനം മുതല്‍ കുരിശില്‍ തറയ്ക്കാന്‍ നിശ്ചയിച്ചിരുന്ന ഗാഗുല്‍ത്താമല വരെ മരക്കുരിശും വഹിച്ച് തലയില്‍ മുള്‍ക്കിരീടവും ചൂടി, വഴിയില്‍ ചാട്ടവാറടിയും പരിഹാസവും ഏറ്റുവാങ്ങിയായിരുന്നു യേശുദേവന്റെ യാത്ര. ഭാരവും വഹിച്ചുള്ള യാത്രയില്‍ ക്ഷീണിതനായ യേശു മൂന്നു തവണ വഴിയില്‍ വീഴുന്നുമുണ്ട്. എന്നാല്‍ വീണ്ടും ശക്തി സംഭരിച്ച് കുരിശേന്തുന്നു. യാത്രാമദ്ധ്യേ തന്റെ മാതാവായ മറിയത്തെയും യേശു കാണുന്നുണ്ട്. ഒടുവില്‍ മൂന്ന് ആണിയില്‍ തറച്ച് ദൈവപുത്രനെ കുരിശിലേറ്റി. അദ്ദേഹത്തിന്റെ ഇരു വശങ്ങളിലുമായി ഓരോ കള്ളന്‍മാരെയും കുരിശിലേറ്റിയിരുന്നു.

ദുഃഖവെള്ളി ദിനത്തില്‍ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടാവാറില്ല. പകരം യേശുവിന്റെ പീഡാനുഭവം അനുസ്മരിച്ചുള്ള ‘കുരിശിന്റെ വഴി’ ആചരിക്കലാണ്. കേരളത്തില്‍ മലയാറ്റൂര്‍, വയനാട് ചുരം, വെള്ളറടയിലെ കുരിശുമല, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല എന്നിങ്ങനെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം കുരിശുമേന്തി തീര്‍ഥാടകര്‍ ഈ ദിനത്തില്‍ എത്താറുണ്ട്. പരിഹാര പ്രദക്ഷിണമെന്നും കുരിശിന്റെ വഴിയെ വിളിക്കുന്നു. പ്രദക്ഷിണത്തിനു ശേഷം പാവയ്ക്കാ നീര് നല്‍കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. ദുഃഖവെള്ളിയാഴ്ച പൊതുവെ ക്രൈസ്തവ ഭവനങ്ങളില്‍ ശോക പ്രതീതിയായിരിക്കും. ചിലര്‍ നോമ്പും അനുഷ്ഠിക്കുന്നു. ഒരു നേരം മാത്രം സസ്യാഹാര ഭക്ഷണമായിരിക്കും കഴിക്കുക.

യേശുവിനെ ക്രൂശിതനാക്കിയ നാള്‍ നമുക്ക് ദുഃഖവെളളിയാണ്, പാശ്ചാത്യര്‍ക്ക് ഗുഡ് ഫ്രൈഡേയും. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പാശ്ചാത്യ രാജ്യങ്ങളിലാണ് ഗുഡ് ഫ്രൈഡേ ആചരിച്ചു തുടങ്ങിയത്. ഗോഡ്‌സ് ഫ്രൈഡേ(ദൈവത്തിന്റെ ദിനം) മാറി ഗുഡ് ഫ്രൈഡേ ആയതാണന്നും പറയപ്പെടുന്നു. ഹോളി ഫ്രൈഡേ (വിശുദ്ധ വെളളി), ഗ്രേറ്റ് ഫ്രൈഡേ (വലിയ വെളളി), ഈസ്റ്റര്‍ ഫ്രൈഡേ (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെ പല രാജ്യങ്ങളിലും ദുഃഖവെള്ളി അറിയപ്പെടുന്നു. എന്നാല്‍ മിക്ക രാജ്യങ്ങളിലും ഗുഡ് ഫ്രൈഡേ എന്നുതന്നെയാണ് അറിയപ്പെടുന്നത്.

വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു യേശുവിന്റെ കുരിശുമരണം എന്നതിനാലാണ് ഗുഡ് ഫ്രൈഡേ എന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം എന്നും ദുഖവെള്ളി ദിനത്തെക്കുറിച്ച് പറയാറുണ്ട്. ഏതു പേരില്‍ വിളിച്ചാലും ദൈവപുത്രന്‍ വിണ്ണില്‍ നിന്ന് മണ്ണിലിറങ്ങി സാധാരണക്കാരനായി ജീവിച്ച്, തന്റേതല്ലാത്ത പാപങ്ങള്‍ക്ക് മരണം വരിച്ചതിന്റെ ഓര്‍മ്മപുതുക്കലാണ് ദുഃഖവെള്ളി.

Leave a Reply

Your email address will not be published. Required fields are marked *