Your Image Description Your Image Description
Your Image Alt Text

യേശുവിന്റെ കാല്‍വരിയിലെ യാഗബലിയുടെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ദുഃഖവെള്ളിയോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മ്മങ്ങളും നടക്കും. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി.

യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കല്‍ ചടങ്ങ് ദുഃവവെള്ളി ദിനത്തിൽ പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളില്‍ അഗ്‌നി, ജല ശുദ്ധീകരണം നടക്കും. ഞായറാഴ്ച മൂന്നാം ദിനം ഉയര്‍ത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികള്‍ ഈസ്റ്റര്‍ ആചരിക്കുന്നു.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും വിശുദ്ധ ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം നാം പുര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കണം.

ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ ദിവസം പ്രത്യേക പ്രാര്‍ത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗങ്ങളുടെ വായനയും ഉണ്ട്. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്നു. കുരിശില്‍ക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ രുചിക്കുന്നു. കത്തോലിക്ക സഭയുടെ ആചാരങ്ങളില്‍ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി നടത്തുന്നു.

ഓര്‍ത്തഡോക്‌സ് സഭകള്‍ ദീര്‍ഘമായ ശുശ്രൂഷയോടു കൂടി ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങള്‍, കുരിശു കുമ്ബിടീല്‍ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു. വിശ്വാസികള്‍ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഉണ്ട്.

പ്രോട്ടസ്റ്റന്റ്‌നവീകരണ സഭകളില്‍ വിപുലമായ ചടങ്ങുകളില്ലെങ്കിലും അനുതാപ പ്രാര്‍ത്ഥനകളോടൊപ്പം മനുഷ്യനോടുള്ള ദൈവത്തിന്റെ നിസ്സീമമായ സ്‌നേഹത്തെയും രക്ഷാകര പദ്ധതിയേയും ആധാരമാക്കിയുള്ള പ്രഭാഷണങ്ങളും കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള ലഘു പ്രഭാഷണങ്ങളും ഈ ദിവസം നടത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *