Your Image Description Your Image Description
Your Image Alt Text

 

ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയാണ് ഫെഫ്ക. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സംഘടനയിലെ തന്‍റെ ഐഡന്‍റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ടായിരുന്നു വെളിപ്പെടുത്തൽ. ‘ഊഷ്മളമായ ഈ സ്വീകരണത്തിനും സ്വാ​ഗതത്തിനും നന്ദി. ഈ ​ഗംഭീര കുടുംബത്തിന്റെ ഭാ​ഗമാവുന്നത് ഒരു അം​ഗീകാരമാണ്,’ എന്നായിരുന്നു ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിൽ കുറിച്ചത്.

ഫെഫ്കയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് ചലച്ചിത്ര തൊഴിലാളി സം​ഗമം നടക്കുന്ന ദിവസം തന്നെയാണ് താന്‍ സംഘടനയുടെ ഭാ​ഗമാവുന്നതായി മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. കടവന്ത്ര രാജീവ്‍​ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചാണ് തൊഴിലാളി സം​ഗമം. ബറോസ് എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്നത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമയാണിത്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്. മാസിഡോണിയന്‍ തലസ്ഥാനമായ സ്കോപിയയിലെ ഫെയിംസ് പ്രോജക്റ്റ് സ്റ്റുഡിയോയിലാണ് ചിത്രത്തിനുവേണ്ടിയുള്ള റെക്കോര്‍ഡിംഗ് നടന്നത്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമെന്ന നിലയില്‍ ഇതിനകം പ്രീ റിലീസ് ഹൈപ്പ് നേടിയിട്ടുള്ള ചിത്രമാണ് ബറോസ്.

Leave a Reply

Your email address will not be published. Required fields are marked *