Your Image Description Your Image Description
Your Image Alt Text

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലിരിക്കെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇറക്കിയ ഉത്തരവ് സംബന്ധിച്ച് ചോദ്യങ്ങളുയർത്തി ഇ.ഡി. അരവിന്ദ് കേജ്‌രിവാളിന് കംപ്യൂട്ടറോ പേപ്പറോ നൽകിയിട്ടില്ലെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.

കേജ്‌രിവാളിന്റെ ഭാര്യ സുനിത ഇ.ഡി ആസ്ഥാനത്തെത്തി അദ്ദേഹത്തെ സന്ദർശിച്ചതിനെപ്പറ്റി അന്വേഷിക്കുകയാണെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. കുറച്ചു പേപ്പറുകളുമായാണ് സുനിത ആസ്ഥനത്തെത്തിയതെന്നും പിന്നീട് സ്റ്റാഫംഗങ്ങൾക്കൊപ്പം കാറിൽ കയറി പോയെന്നും ഇ ഡി വ്യക്തമാക്കി.

ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെയാണ് കേ‌ജ്‌രിവാൾ ഉത്തരവ് ഇറക്കിയ വിവരം മന്ത്രി അതിഷി അറിയിച്ചത്. ഡൽഹിയിലെ ജലവിതരണ പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനുള്ള നിർദേശങ്ങളാണ് കേജ്‌രിവാൾ വകുപ്പ് മന്ത്രി അതിഷിക്കു നൽകിയത്.

‘‘ഇ.ഡിയുടെ കസ്റ്റഡിയിലാണെങ്കിലും ഡൽഹിയിലെ 2 കോടി ജനങ്ങളെന്ന തന്റെ കുടുംബത്തെക്കുറിച്ചാണ് കേജ്‍രിവാളിന്റെ ആശങ്ക. അദ്ദേഹം ജനങ്ങളെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്.’’ – അതിഷി പറഞ്ഞു. ഉത്തരവിറക്കിയത് സംബന്ധിച്ച് അതിഷിയിൽനിന്നും ഇ.ഡി വിവരങ്ങൾ തേടുമെന്നാണ് സൂചന. കസ്റ്റഡിയിലിരിക്കെ കേജ്‌രിവാളിന്റെ ഉത്തരവ് തിരക്കഥയുടെ ഭാഗമാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *