Your Image Description Your Image Description

കൊല്ലം :കൊല്ലത്ത് ക്രൂഡ് ഓയിൽ പര്യവേക്ഷണത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലത്ത് ആഴക്കടലിൽ ക്രൂഡ് ഓയിൽ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1,252 കോടിയുടെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഡോൾഫിൻ ഡ്രില്ലിം​ഗ് എഎസുമായിട്ടാണ് കരാർ. ഈ വർഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും.

കൊല്ലം തീരത്ത് നിന്ന് 48 കിലോമീറ്റർ അകലെയാണ് പര്യവേക്ഷണം. ഇതിനുള്ള കൂറ്റൻ കിണറുകൾ സ്ഥാപിക്കുന്നതിന് ഉൾപ്പടെയാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. കൂറ്റൻ കിണറുകളുടെ രൂപകൽപന, എഞ്ചിനീയറിം​ഗ്, സംഭരണം, നിർമ്മാണം, ​ഗതാ​ഗതം, കമ്മീഷൻ ചെയ്യൽ തുടങ്ങിയവയ്‌ക്ക് ഉൾപ്പടെയാണ് കരാർ. കരാറെടുത്ത കമ്പനി കടലിൽ 5.5 കിലോമീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്യാനുള്ള കൂറ്റൻ ഡ്രില്ലുകൾ, റി​​ഗ്​ഗുകൾ തുടങ്ങിയവ എത്തിക്കും. പര്യവേക്ഷണത്തിനായി നാവിക സേനയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. പര്യവേക്ഷണം നടത്താൻ ലക്ഷ്യമിടുന്ന ആഴക്കടൽ മേഖലയിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ നടന്ന പ്രാഥമിക സർവേയിൽ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകൾ തിരിച്ചറിഞ്ഞതായാണ് വിവരം.

ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കൺ കടൽ മേഖലകളായി ആകെ 93.902 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ നാല് ബ്ലോക്കുകളിലായി ഇന്ധന പര്യവേക്ഷണത്തിനാണ് രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യയ്‌ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം അനുമതി നൽകിയത്. അമലാപുരം മേഖലയിൽ 64.547 ചതുരശ്ര കിലോമീറ്ററും കേരള-കൊങ്കൺ മേഖലയിൽ 29.355 ചതുരശ്ര കിലോമീറ്ററിലും പ്രാരംഭ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *