Your Image Description Your Image Description
Your Image Alt Text

കേരളത്തിലെ രാഷ്ട്രീയ പാർട്ടിനേതാക്കളിൽ പലർക്കും കണ്ടകശനിയാണെന്ന് തോന്നുന്നു, കാരണം പലരും പറയുന്ന പല കാര്യങ്ങളും വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. ചിലതൊക്കെ രണ്ട് മൂന്ന് ദിവസങ്ങളിലെ ചർച്ചകളോടെ കെട്ടടങ്ങും.

മറ്റു ചിലതാവട്ടെ രാഷ്ട്രീയ എതിരാളികളുടെ ചുട്ടമറുപടിയോടെ അവസാനിക്കും. പക്ഷെ പി സി ജോർജ്ജ് പലപ്പോഴും പറയുന്ന കാര്യങ്ങൾ ഒടുവിൽ കേസിലും പൊല്ലാപ്പിലുമാണ് ചെന്നവസാനിക്കുന്നത് .
ഇതെല്ലാം നാക്കുപിഴയാണോ അതോ ബോധപൂർവ്വമായുണ്ടാവുന്ന നാക്കുളുക്കലാണോ എന്നാണ് സംശയം ?

ജോർജ്ജ് പറഞ്ഞത് മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നെന്നുമായിരുന്നു . ഈ പരാമർശത്തിൽ ജോർജിനെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് ബിജെപി സ്ഥാനാർത്ഥി എം ടി രമേശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ വിവാദ പ്രസ്താവന നടത്തിയത് .

ഇതിനുപിന്നാലെ പി സി ജോർജിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. ഇതുകൂടാതെ പി സി ജോർജിനെതിരെ മാഹി എം എൽ എ രമേശ് പറമ്പത്ത് ദേശീയ വനിതാ കമ്മീഷനും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി.

അതുപോലെയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻകുര്യാക്കോസിനും മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ. കുര്യനുമെതിരെ രാഷ്ട്രീയത്തിലെ ‘സരസ പ്രഭാഷകൻ’ ഉടുമ്പൻചോല എം.എൽ.എ എം.എം.മണി നടത്തിയ പരാമർശങ്ങൾ .

നെടുങ്കണ്ടത്തിന് സമീപം തൂക്കുപാലത്ത് ഒരു അനുസ്മരണ ചടങ്ങിലായിരുന്നു മണിയുടെ നർമ ഗർഭമായ പ്രസംഗം നടന്നത് . ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും പി.ജെ.കുര്യൻ പെണ്ണുപിടിയനാണെന്നുമായിരുന്നു മണിയുടെ പരാമർശം.

‘ഇപ്പോ പൗഡറൊക്കെ പൂശിയ ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്. ഡീൻ. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. അതല്ലെ. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിന് വേണ്ടി. ചുമ്മാതെ വന്നിരിക്കുവാ, ബ്യൂട്ടിപാർലറിൽ കേറി വെള്ളപൂശിയിട്ട് പടവുമെടുത്ത് …..’ അങ്ങനെ പോകുന്നു മണിയാശാന്റെ വാക്ചാതുരി.

എം.എം.മണിയുടെ നാക്ക് വിവാദമാവുന്നത് ഇതാദ്യമല്ല, വൺ, ടു, ത്രീ പ്രസംഗമാണ് അദ്ദേഹത്തെ ഏറെ പ്രസിദ്ധനാക്കിയത്. അന്ന് എല്ലാ മാദ്ധ്യമങ്ങളും വളരെ കൊട്ടിഘോഷിച്ച പ്രസംഗത്തിന്റെ പരിസമാപ്തി മണിയുടെ ജയിൽവാസമായിരുന്നു.

വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥർക്കെതിരെയും മണി സരസമായ ചില പരാമർശങ്ങൾ നടത്തി. അതും അദ്ദേഹത്തിന്റെ തലപ്പാവിലെ പൊൻതൂവലാണ്.

നാക്കുപിഴക്കാരുടെ ഗുരുഭൂതനായി കണക്കാക്കുന്നത് അന്തരിച്ച മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളെയാണ്. 1985ൽ കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്.

പാലക്കാട്ട് അനുവദിക്കാമെന്നേറ്റ റെയിൽവെ കോച്ച് ഫാക്ടറി കേരളത്തെ നിരാശപ്പെടുത്തിക്കൊണ്ട് പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു പിള്ള പ്രസംഗിച്ചത്. ഏകക്ഷി ഭരണമെന്ന ആവശ്യവുമായി അന്നത്തെ യൂത്ത് കോൺഗ്രസ് നേതാവ് ജി.കാർത്തികേയൻ ശക്തമായി നിലകൊള്ളുന്ന കാലഘട്ടം.

പിള്ളയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നും പിള്ള മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യമുയർന്നു. സംഭവം ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജിയായെത്തി. ഒടുവിൽ പിള്ളയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.

പിള്ളയുടെ രാജിയെക്കുറിച്ചു പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എന്ത് പിള്ള?, ഏതുപിള്ള ? എന്ന കരുണാകരന്റെ മറുചോദ്യവും പിന്നീട് പ്രസിദ്ധമായി. നിലവിൽ നാക്കു പിഴയുടെ കാര്യത്തിൽ സൂപ്പർസ്റ്റാർ പദവിയിൽ കട്ടയ്ക്ക് നിൽക്കുന്നത് രണ്ട് പേരാണ്,​ എം.എം.മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും.

മണിയുടെ പ്രകടനത്തിന് മൂർച്ഛ കൂടുമെങ്കിലും സ്വാഭാവികത കുറവെന്നതാണ് പ്രധാന പോരായ്മ. തിരുവഞ്ചൂർ തീർത്തും സ്വാഭാവികമായ പ്രകടനമാണ് നടത്താറുള്ളത്. മുൻ നിരയിലുള്ള മറ്റൊരു പ്രധാന താരം മന്ത്രി കൂടിയായ വി.ശിവൻകുട്ടിയാണ്.

ചില സന്ദർഭങ്ങളിൽ, പ്രത്യേകിച്ച് നിയമസഭയിൽ രമേശ് ചെന്നിത്തലയും തെറ്റില്ലാത്ത പ്രകടനം നടത്താറുണ്ട്, ഇടുക്കിയിലെ തോട്ടംതൊഴിലാളി മേഖലയിൽ പെമ്പിളൈ ഒരുമൈ എന്ന സംഘടന നടത്തിയ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമസഭയിലെത്തിയപ്പോൾ പെമ്പിളൈ ഒരുമൈ എന്നത് പെമ്പിളൈ എരുമയെന്നാക്കിയ തിരുവഞ്ചൂർ നിയസഭയ്ക്ക് നൽകിയ ചിരിസദ്യ ആരും മറന്നിട്ടില്ല.

2014-ൽ തിരുവഞ്ചൂർ സാംസ്കാരിക വകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രിയായിരുന്നു. അന്നത്തെ സംസ്ഥാന അവാർഡ് പ്രഖ്യാപനം നടത്തുമ്പോൾ മികച്ച നടിയ്ക്കുള്ള അവാർഡിന് തിരഞ്ഞെടുത്ത നസ്രിയയുടെ പേര് നുസ്രിയ എന്ന് പറഞ്ഞും തിരുവഞ്ചൂർ നർമകൈരളിക്ക് തന്റെ സംഭാവന നൽകി.

മാത്രമല്ല അവാർഡ് ദാന ചടങ്ങിൽ കേരളത്തിന്റെ പ്രിയതാരം മോഹൻലാലിനെ കണ്ണുണ്ണിയാക്കുകയും ചെയ്തു. മലയാളത്തിന്റെ കണ്ണിലുണ്ണി എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിലും നാക്കിന് ഉദ്ദേശം മനസിലായില്ല. 2021-ൽ സ്കൂൾതുറക്കലുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറയാൻ പോയതാണ് ഗണിതശാസ്ത്രത്തിൽ വേണ്ടത്ര പരിജ്ഞാനമില്ലാത്ത മന്ത്രിക്ക് പണിയായത്.

രാജ്യത്ത് മൊത്തം 35 സംസ്ഥാനങ്ങളല്ലെയെന്ന് അടുത്തിരുന്ന ഉന്നതോദ്യോഗസ്ഥനോട് ശിവൻകുട്ടി ചോദിച്ചത് ലൈവായി ജനം കേട്ടു . അമേരിക്കയിൽ ചായ കുടിക്കും പോലെയാണ് ബലാത്സംഗങ്ങൾ എന്ന് പണ്ട് ഇ.കെ.നായനാർ പറഞ്ഞത് കേരളത്തിലുണ്ടാക്കിയ ബഹളങ്ങളും ചില്ലറയല്ല.

Leave a Reply

Your email address will not be published. Required fields are marked *