Your Image Description Your Image Description
Your Image Alt Text

ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫിലിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഇതു മുന്നില്‍ കണ്ടാണ് മുന്‍ നായകന്‍ ഗൗതം ഗംഭീറിനെ ടീമിന്റെ മുഖ്യ ഉപദേശകനായി കെകെആര്‍ കൊണ്ടുവന്നിരിക്കുന്നത്. പക്ഷെ അഗ്രസീവും അതോടൊപ്പം ചൂടനുമായ ഗംഭീറിന്റെ വരവ് കെകെആര്‍ ക്യാംപില്‍ പ്രശ്‌നങ്ങള്‍ തുടക്കമിട്ടോയെന്ന സംശയത്തിലാണ് ആരാധകര്‍. ടീമിന്‍റെ നെറ്റ് സെണഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇതിനു കാരണം.

കെകെആര്‍ ടീമിന്റെ പുതിയ ഹീറോയും ഫിനിഷിങ് സ്‌പെഷ്യലിസ്റ്റുമായ റിങ്കു സിങിനെ ഗംഭീര്‍ ശകാരിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം. ക്ഷുഭിതനായാണ് ഗംഭീര്‍ ഈ വീഡിയോയില്‍ കാണപ്പെടുന്നത്. റിങ്കുവിന്റെ ബാറ്റിങിലെ ചില പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയതെന്നാണ് സൂചനകള്‍. തുടര്‍ന്നാണ് ഈ തരത്തില്‍ രോഷത്തോടെ ഗംഭീര്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതെന്നാണ് വിവരം.

റിങ്കുവിനോടു ഗംഭീര്‍ എന്തായിരിക്കാം പറഞ്ഞിട്ടുണ്ടാവുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. റിങ്കുവിന്റെ ബാറ്റിങുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സംസാരമെന്നു ആക്ഷനില്‍ നിന്നും നമുക്കു മനസ്സിലാക്കാന്‍ കഴിയും. കരിയര്‍ ബെസ്റ്റ് ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന റിങ്കുവിനെ ഈ തരത്തില്‍ അമിതമായി ഉപദേശിച്ച് ഗംഭീര്‍ ഫോമൗട്ടാക്കുമോയെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ കെകെആര്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ് റിങ്കുവിന്റെ പ്രകടനമായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയ സീസണും കൂടിയായിരുന്നു ഇത്. സീസണില്‍ കൈആറിനു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് റിങ്കുവാണ്. 14 മല്‍സരങ്ങളില്‍ നിന്നും 59.25 ശരാശരിയില്‍ 149.53 സ്‌ട്രൈക്ക് റേറ്റോടെ 474 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ ടീമിലേക്കു റിങ്കുവിനു വഴി തുറന്നതും ഈ പ്രകടനമായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അദ്ദേഹത്തിന്റെ അവിശ്വസനീയ ഫിനിഷിങ് അന്നു ലോകം മുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തോല്‍വിയുറപ്പിച്ച കളിയില്‍ യഷ് ദയാലെറിഞ്ഞ 20ാം ഓവറില്‍ തുടരെ അഞ്ചു സിക്‌സറുകളാണ് റിങ്കു വാരിക്കൂട്ടിയത്. ഇതോടെ ടീം അപ്രതീക്ഷിത വിജയം കൈക്കലാക്കുകയും ചെയ്തു.

കെകെആറിനു വിജയിക്കാന്‍ അഞ്ചു ബോളില്‍ 28 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു അദ്ദേഹം എല്ലാ ബോളിലും സിക്‌സര്‍ പറത്തി ജിടിയെ സ്തബ്ധരാക്കിയത്. ഇതേ തുടര്‍ന്നു ആഗസ്റ്റില്‍ ഇന്ത്യയുടെ രണ്ടാംനിര ടി20 ടീം അയര്‍ലാന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ റിങ്കുവിനു വിളിയെത്തുകയും ചെയ്തു.

ഈ പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനവുമുറപ്പിക്കുകയായിരുന്നു. അതിനു ശേഷം ഇന്ത്യന്‍ ടീം കളിച്ച ദ്വിരാഷ്ട്ര പരമ്പരകളിലെല്ലാം റിങ്കുവും പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ഏറ്റവും അവസാനമായി ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേയുള്ള ടി20 പരമ്പരയിലും അദ്ദേഹം ഫിനിഷറായി കസറിയിരുന്നു. ഇതോടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും റിങ്കു സ്ഥാനമുറപ്പാക്കിയിരിക്കുകയാണ്.

അതേസമയം, ഈ സീസണില്‍ കെകെആറിന്റെ ആദ്യ അങ്കം ശനിയാഴ്ച ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ മുഴുവന്‍ നഷ്ടമായ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മടങ്ങിവരവ് കെകെആറിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഐപിഎല്ലിന്റെ ഫൈനല്‍ വരെയെത്തിച്ച നായകനാണ് ശ്രേയസ്. കെകെആറിലും ഇതേ പ്രകടനം അദ്ദേഹത്തിനു ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷകള്‍.

Leave a Reply

Your email address will not be published. Required fields are marked *