Your Image Description Your Image Description
Your Image Alt Text

തോൽവി സ്വന്തം കഴിവുകേട് കൊണ്ടല്ലെന്ന് ന്യായീകരിക്കാനുള്ള ശ്രമം എല്ലാവരിലും എല്ലാ രംഗത്തുമുണ്ട്. കളിയിലും പരീക്ഷയിലും തിരഞ്ഞെടുപ്പിലുമെല്ലാം അത് പ്രകടമാണ് . അടിയൊഴുക്കുകൾ, അന്തർധാരകൾ, കുലംകുത്തൽ… തുടങ്ങിയ കാര്യങ്ങളാണ് ‘തോറ്റ’ എം.എൽ.എമാരും എം.പിമാരും നേരത്തെയൊക്കെ പറയാറുള്ളത് .

പരാജയം വൻ മാർജിനിലാണെങ്കിൽ, വോട്ടുവിഹിതവും ശതമാനവും നിരത്തി നേട്ടം തനിക്കാണെന്ന് ന്യായീകരിക്കും. ഒടുവിൽ ആരാണ് ജയിച്ചതെന്ന് ജനം സംശയിച്ചുപോകും. അതേസമയം, സമീപകാലത്തായി തോറ്റവർക്ക് ഇത്രയും ഉരുണ്ടുകളിക്കേണ്ട ആവശ്യം വരാറില്ല. ഇ.വി.എമ്മുകളെന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ പഴിച്ചാൽ മതി.

പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പുകളിൽ. 2014 മുതൽ ഉത്തരേന്ത്യയിൽ ബി.ജെ.പി. നടത്തുന്ന മുന്നേറ്റത്തിന് കാരണം വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയാണെന്ന് അന്നുമുതലേ പ്രതിപക്ഷം പറഞ്ഞിരുന്നു. സീറ്റുകൾ വർദ്ധിപ്പിച്ച് മോദി ഭരണത്തുടർച്ച നേടിയതോടെ പരാതി ബലപ്പെട്ടു. മൂന്നാമൂഴവും ഭരണമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചു പറഞ്ഞതിന് പിന്നാലെ യന്ത്രത്തിനെതിരായ ആരോപണവും കഠിനമായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സഖ്യം ഇക്കുറി 400 സീറ്റ് മറികടക്കുമെന്ന മോദിയുടെ ആത്മവിശ്വാസമാണ് വിമർശകർക്ക് വീണ്ടും യന്ത്രത്തെ പഴിക്കാൻ അവസരം കൊടുത്തത്. 400 സീറ്റെങ്കിൽ വോട്ടുയന്ത്രത്തെ സംശയിക്കണമെന്ന് ആദ്യം വെടിപൊട്ടിച്ചത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ടെലികമ്മ്യൂണിക്കേഷൻസ് വിപ്ലവത്തിന്റെ മുൻനിരക്കാരനുമായ സാം പിത്രോദയാണ്.

പിന്നാലെ രാഹുൽ ഗാന്ധിയും ദിഗ്‌വിജയ് സിംഗും അഡ്വ. പ്രശാന്ത് ഭൂഷണുമെല്ലാം രംഗത്തെത്തി. രാജ്യത്ത് പേപ്പർ ബാലറ്റുകൾ തിരിച്ചുകൊണ്ടുവരണമെന്നാണ് മുഖ്യആവശ്യം. അല്ലാത്തപക്ഷം വി.വി. പാറ്റ് സ്ലിപ്പുകൾ വോട്ടർമാർ കണ്ടുബോദ്ധ്യപ്പെട്ട് പെട്ടിയിലിടാൻ അവസരം നൽകണം. വോട്ടെണ്ണുമ്പോൾ തർക്കമുണ്ടായാൽ യന്ത്രം കാണിക്കുന്ന വോട്ടുകളും സ്ലിപ്പുകളുടെ എണ്ണവും ഒത്തുനോക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

മറുവാദവുമായി ബി.ജെ.പി അനുഭാവികളും രംഗത്തുണ്ട്. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് ഭരണംപിടിച്ചതും ഡൽഹിയും പഞ്ചാബും ആംആദ്മി തൂത്തുവാരിയതും എങ്ങനെയാണെന്ന് അവർ ചോദിക്കുന്നു. യന്ത്രത്തിൽ കൃത്രിമം കാട്ടിയിട്ടുണ്ടെങ്കിൽ ഇവിടേയും ബി.ജെ.പി ജയിക്കേണ്ടതല്ലേയെന്നാണ് അവരുടെ ചോദ്യം.

എന്നാൽ ജാഗ്രത പാലിച്ചതുകൊണ്ടാണ് അട്ടിമറി നടക്കാത്തതെന്ന് കോൺഗ്രസും കൂട്ടരും ഉത്തരംപറയുന്നു. തോറ്റാൽ ഇ.വി.എമ്മുകളെ തെറിപറയുകയും ജയിച്ചാൽ മിണ്ടാതിരിക്കുന്നതുമാണ് പ്രതിപക്ഷത്തിന്റെ രീതിയെന്ന് ബി.ജെ.പി സഖ്യം തിരിച്ചടിക്കുന്നു .

ഇ.വി.എമ്മിനുള്ളിലെ ചിപ്പുകൾ മുൻകൂട്ടി പ്രോഗ്രാം ചെയ്യാവുന്നവയാണെന്ന് സുതാര്യത ആവശ്യപ്പെടുന്നവ‌ർ പറയുന്നു. വി.വി.പാറ്റ് സ്ലിപ്പുകൾ 7 സെക്കൻഡ് സമയമാണ് വോട്ടർക്ക് കാണാനാവുക. അതിന് ശേഷം എന്തുണ്ടാകുന്നുവെന്നറിയില്ല. താൻ ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർക്ക് ഞൊടിയിട കാണാൻ സാധിക്കുന്നെങ്കിലും അത് തന്നെയാണോ കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തുന്നതെന്ന് ഉറപ്പിക്കാനാകില്ല.

ചെയ്ത വോട്ടിന് സ്ഥിരീകരണം നൽകുകയാണ് വി.വി പാറ്റിന്റെ പ്രഖ്യാപിതലക്ഷ്യം. എന്നാൽ നിലവിൽ അത് നൽകുന്നത് ഞെക്കിയ ബട്ടന്റെ സ്ഥിരീകരണം മാത്രമാണെന്നാണ് ആരോപണം.സ്ലിപ്പുകളിൽ രണ്ടുശതമാനം മാത്രമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഒത്തുനോക്കുന്നത്. അതുകൊണ്ട് കാര്യമില്ല. വോട്ടുയന്ത്രങ്ങളിലെ സോഫ്ട്‌വെയർ ഹാക്ക് ചെയ്യപ്പെട്ടേക്കുമെന്ന ആശങ്കയും ദൂരീകരിച്ചിട്ടില്ല.

ഇ.വി.എമ്മുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഉപകരണമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവർത്തിക്കുന്നത്. എന്നാൽ ഇതിൽ സ്ഥാനാർത്ഥികളുടെ വിവരമടക്കം അപ്‌ലോഡ് ചെയ്യുന്നത് മറ്റ് സെർവറുകളുടെ സഹായത്തോടെയാണെന്നും ഈ ഘട്ടത്തിൽ ക‌ൃത്രിമം നടക്കാമെന്നും പലരും സംശയം പ്രകടിപ്പിച്ചു.

സുപ്രീം കോടതി മുൻ ജഡ്ജി മദൻ ബി. ലോകൂർ അദ്ധ്യക്ഷനായ ജനകീയസമിതിയുടെ വസ്തുതാന്വേഷണത്തിലും ഇത്തരം ആശങ്കകൾ പങ്കുവച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന് യന്ത്രങ്ങളിൽ പൂർണവിശ്വാസമാണ്. പലവിധ പരിശോധനകൾ നടന്നിട്ടുള്ളതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപും വോട്ടിംഗിന് തൊട്ടുമുമ്പും ഡെമോ നടത്തി സാക്ഷികളെ കൃത്യത ബോദ്ധ്യപ്പെടുത്തുന്നതാണ്.

വോട്ടർമാർ കൂടിവരുന്ന സാഹചര്യത്തിൽ, പൊതുതിരഞ്ഞെടുപ്പുകളിൽ പേപ്പർ ബാലറ്റുകൾ നിശ്ചിതസമയക്രമത്തിൽ എണ്ണിത്തീർക്കാൻ കഴിയില്ലെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വോട്ടിംഗ് യന്ത്രം സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഉപകരണമല്ലെന്ന ആരോപണത്തിന് കൃത്യമായ മറുപടിയുണ്ടായിട്ടില്ല.

ലോകത്തെ വൻകിടരാജ്യങ്ങൾ പോലും ബാലറ്റിലേക്ക് മടങ്ങിയെന്ന കാര്യവും വോട്ടുയന്ത്രത്തെ എതിർക്കുന്നവ‌ർ പറയുന്നു. ‘മദർ ഒഫ് ഓൾ ഡെമോക്രസീസ്’ എന്നറിയപ്പെടുന്ന ബ്രിട്ടനിൽ പേപ്പർ ബാലറ്റാണ്. ജർമനിയും ഫ്രാൻസുമടക്കം ഇ.വിഎമ്മുകൾ നിരോധിച്ചു. സങ്കീർണമായ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന അമേരിക്കയിൽ പല സംസ്ഥാനങ്ങളും ഇ-വോട്ട്, പേപ്പ‌ർ വോട്ട് കോമ്പിനേഷൻ പരീക്ഷിക്കുന്നു.

ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് വോട്ടിംഗ് യന്ത്രം ഉപേക്ഷിച്ചതും വാർത്തയായിരുന്നു. അതേസമയം അർജന്റിനയും ബ്രസീലുമടക്കം ഇരുപതോളം രാജ്യങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് കുറ്റമറ്റവിധം പോളിംഗ് നടത്തുന്നകാര്യവും തള്ളിക്കളയാവുന്നതല്ല.

ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. കളംകൊഴുക്കാൻ ഇനി മണിക്കൂറുകൾ മാത്രം. പല സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ രാഷ്ട്രീയമായും സാമൂഹികമായും നിർണായകമായ പോരാട്ടമാണ് ഇത്തവണ നടക്കാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *