Your Image Description Your Image Description
Your Image Alt Text

സോഷ്യൽ മീഡിയ തുറന്നാൽ ട്രോളുകളേയുള്ളു , കോൺഗ്രസ്സിൽ നിന്നും ബിജെപിയിലേയ്ക്ക് ചാടുന്നവരെക്കുറിച്ചാണധികവും . ഇപ്പോൾ മുൻ എഐസിസി സെക്രട്ടറി അജയ്‌ കപൂറിന്റെ ബിജെപി പ്രവേശനത്തിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകൾ പ്രചരിക്കുന്നത് .

കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിൽ പോകുന്നത്‌ തടയാൻ രൂപീകരിച്ച അഞ്ചംഗ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അജയ്‌ കപൂർ. ഇതാണ്‌ വ്യാപക ട്രോളുകൾ വരാൻ കാരണം. ലൂസിഫറിലെ വിവേക്‌ ഒബ്‌റോയിയുടെ പ്രശസ്‌തമായ തീം വച്ചുള്ള ട്രോളാണ്‌ ഏറ്റവും ഹിറ്റായത്‌.

“നേതാക്കൾ ബിജെപിയിൽ പോകുന്നത്‌ തടയാൻ കമ്മിറ്റി ഉണ്ടാക്കി…; കമ്മിറ്റി പ്രസിഡന്റ്‌ ആദ്യംപോയി ബിജെപിയി ചേർന്നു’ എന്നാണ്‌ ട്രോൾ. 2023 ഫെബ്രുവരി 26 നാണ്‌ അജയ്‌ കപൂറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ കമ്മിറ്റി രൂപീകരിക്കുന്നത്‌. കൃത്യം ഒരുവർഷം പിന്നിടുമ്പോൾ അതിന്റെ അധ്യക്ഷൻതന്നെ ബിജെപിയിൽ എത്തിയിരിക്കുകയാണ്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടിയായിരിക്കുകയാണ്‌ അജയ്‌ കപൂറിന്റെ ബിജെപി പ്രവേശനം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എഐസിസി ദേശീയ സെക്രട്ടറിയുമാണ്‌.

നിലവില്‍ കാണ്‍പുരില്‍നിന്നുള്ള മുന്‍ എംഎല്‍എ കൂടിയായ അജയ് കപൂറിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നതിനിടെയാണ് പാര്‍ട്ടി വിട്ടത്. ബിഹാറിന്റെ ചുമതലയും പാര്‍ട്ടി ഇദ്ദേഹത്തിന് നല്‍കിയിരുന്നു. കോണ്‍ഗ്രസ് സസ്‌പെന്‍ഡു ചെയ്‌ത പട്യാല എംപി പ്രണീത് കൗറും ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയാണ്.

കേരളത്തിൽ നിന്നും പല കോൺഗ്രസ്സ് നേതാക്കളും കൈവിട്ട് താമര ചൂടുന്നുണ്ട് . വർഗീയശക്തികളെ പടിക്കു പുറത്തു നിർത്തിക്കൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും ഉൾപ്പെടെയുള്ള ഭരണഘടനാമൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ട ചരിത്രമാണ് കേരളത്തിന്റേത്.

സംഘപരിവാറിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷ വർഗീയത മുൻനിർത്തിയുള്ള രാഷ്ട്രീയം രാജ്യത്താകെ പിടിമുറുക്കിയപ്പോഴും അതിനെതിരെ പ്രതിരോധം തീർക്കാൻ കേരളം ഒറ്റക്കെട്ടായി നിന്നു. സംഘപരിവാറിന്റെ വളർച്ച സൃഷ്ടിക്കുന്ന ഭീതിയും ആശങ്കയും ഇവിടത്തെ വോട്ടർമാരുടെ തീരുമാനങ്ങളിൽ പ്രതിഫലിക്കുമെന്നത് നിസ്സംശയമാണ്.

അതുകൊണ്ടുതന്നെ പുതിയ ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിൽ കേരളം ഉറ്റുനോക്കുന്നത് കേന്ദ്രത്തിൽ മതനിരപേക്ഷ രാഷ്ട്രീയത്തെ എങ്ങനെ അധികാരത്തിലേറ്റാമെന്നതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ ആശങ്ക ഏറ്റെടുക്കുന്ന മട്ടിലാണ് കോൺഗ്രസും സഖ്യകക്ഷികളും പ്രചരണം നടത്തിയത്.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനു വോട്ട് ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന വാദമാണ് അവർ ജനങ്ങൾക്കു മുന്നിൽ വെച്ചത്. കേരളത്തിൽ വിജയം നേടാനായെങ്കിലും രാജ്യത്തിന്റെ ഇതരമേഖലകളിൽ കോൺഗ്രസിനെ കൈവിട്ടു.

ചരിത്രത്തിലെ ഏറ്റവും കടുത്ത പരാജയം കൂടുതൽ നിശ്ചയദാർഢ്യത്തോടെയും ഒരുമയോടെയുമുള്ള പുതിയ പരിശ്രമങ്ങൾക്കാണ് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രീയ പാർട്ടിയെ പ്രാപ്തമാക്കേണ്ടത്. എന്നാൽ കോൺഗ്രസ് നേതാക്കൾ തങ്ങളുടെ വാഗ്ദാനങ്ങൾ മറന്നു എന്നു മാത്രമല്ല, ഒന്നിനു പുറകേ ഒന്നായി ബിജെപിയിലേക്ക് കൂറുമാറി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്തത്. അത് ഇപ്പോഴും തുടരുന്നു .

Leave a Reply

Your email address will not be published. Required fields are marked *