Your Image Description Your Image Description
Your Image Alt Text

ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധ വർഗീയ അജണ്ടയുടെ ഭാഗവുമായ പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ . ആ നിലപാട് എല്ലാ തലത്തിലും ഉറപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി സംസ്ഥാന സർക്കാർ ഫയൽ ചെയ്ത ഒറിജിനൽ സ്യൂട്ട് സുപ്രീം കോടതിയിൽ നിലവിലുണ്ട്. ചട്ടങ്ങൾ പുറപ്പെടുവിച്ച് നിയമം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ധൃതിപിടിച്ച് നടപ്പാക്കുന്ന കേന്ദ്ര നീക്കത്തിൻറെ പശ്ചാത്തലത്തിൽ നിയമപരമായ തുടർനടപടികൾക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. എന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുന്നു

ഇന്ത്യൻ ഭരണഘടനയുടെ അന്ത:സ്സത്തയ്ക്ക് വിരുദ്ധമായതും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണ് ഈ നിയമം. സംഘപരിവാറിൻറെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘപരിവാറിൻറെ ഹീനമായ ഈ നടപടി അന്താരാഷ്ട്രതലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്

അയൽ രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെങ്കിൽ, ആ രാജ്യങ്ങളിൽ പീഡനം നേരിടുന്ന മുസ്ലീം മതന്യൂനപക്ഷങ്ങളെ എന്തുകൊണ്ടാണ് ഉൾപ്പെടുത്താത്തത്? പാകിസ്ഥാനിലെ അഹമ്മദിയ മുസ്ലിങ്ങളും അഫ്ഗാനിസ്ഥാനിലെ ഹസ്സരാ വിഭാഗക്കാരും മ്യാൻമറിലെ റോഹിങ്ക്യകളും ശ്രീലങ്കൻ തമിഴ് വംശജരുമെല്ലാം പൗരത്വത്തിൻ്റെ പടിക്കു പുറത്താവുന്നത് പൗരത്വ ഭേദഗതി നിയമത്തിൻറെ രാഷ്ട്രീയലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. റോഹിങ്ക്യൻ അഭയാർത്ഥികളെ ഇന്ത്യയിൽ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പോയിട്ടുണ്ട് എന്നതുകൂടി ഓർമ്മിക്കണം. കുടിയേറിയ മുസ്ലീങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകയാണ് സിഎഎയുടെ യഥാർത്ഥ ലക്ഷ്യം.

2019 ഡിസംബർ 9 ന് ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിൽ നിന്നും അതിനെതിരെ ഏറ്റവും ശക്തമായ ശബ്ദമുയർത്തിയത് ഒരേയൊരു അംഗം മാത്രമായിരുന്നു. ആലപ്പുഴ എംപി എഎം ആരിഫ്.

ഭരണഘടനാ വിരുദ്ധമായ ഉള്ളടക്കമുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ സാങ്കേതികമായി പ്രതികരിച്ചു എന്ന് വരുത്തി മൂലക്കിരിക്കുകയായിരുന്നു കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ. കേരളത്തിനെതിരെയും കേരളത്തിലെ സർക്കാരിനെതിരെയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുക്കാനുള്ള ആവേശത്തിൻ്റെ നൂറിലൊന്ന് ആവേശം പോലും പൗരത്വ ബിൽ വിഷയത്തിൽ പാർലമെൻ്റിൽ കോൺഗ്രസുകാർ കാണിച്ചില്ല.

ഇവിടെ നാല് കാര്യങ്ങളാണ് വ്യക്തമാക്കാനാഗ്രഹിക്കുന്നത്. എന്ന് മുഖ്യമന്ത്രി പറയുന്നു

ഒന്ന്, പൗരത്വ ഭേദഗതി നിയമം രാജ്യത്തിൻ്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും താല്പര്യങ്ങൾ ഹനിക്കുന്നതാണ്. അത് കേരളത്തിൽ നടപ്പാക്കില്ല.

രണ്ട്, ജനങ്ങളെ മതപരമായി വിഭജിക്കുന്ന തെറ്റായ നിയമത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്നതും പ്രക്ഷോഭം നടത്തുന്നതും ഇടതുപക്ഷവും കേരളത്തിലെ എൽഡിഎഫ് സർക്കാരുമാണ്. അതിൽ നിന്നും ഒരിഞ്ച് പിന്നോട്ടുപോകില്ല.

മൂന്ന്, കോൺഗ്രസ് ഈ വർഗ്ഗീയ നിയമത്തിനെതിരെ നിലപാടെടുക്കുന്നില്ല. കാപട്യപൂർണ്ണമായ ഒളിച്ചുകളിയാണ് നടത്തുന്നത്. ആ പാർട്ടി വിശ്വസിക്കാൻ കൊള്ളാത്ത ഒന്നാണെന്ന് ആവർത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു.

നാല്, ആർഎസ്എസ് രൂപീകരണത്തിൻ്റെ നൂറാം വാർഷികത്തിലേക്കെത്തുന്ന 2025 ലേക്ക് കടുത്ത വർഗ്ഗീയ ലക്ഷ്യങ്ങളാണ് സംഘപരിവാറിനുള്ളത്. അതിലേക്കുള്ള പാലമാണ് പൗരത്വ ഭേദഗതി നിയമം. ആ വർഗ്ഗീയ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ജനങ്ങൾക്ക് വിശ്വസിക്കാൻ പറ്റുന്ന രാഷ്ട്രീയവും സമീപനവും ഇടതുപക്ഷത്തിൻ്റെതാണ്. എൽഡിഎഫ് നേതൃത്വം നൽകുന്ന കേരള സർക്കാർ ഈ പോരാട്ടത്തിൻ്റെ മുൻനിരയിൽ തന്നെ ഉണ്ടാകും. എന്ത് ത്യാഗം സഹിച്ചും പോരാട്ടം തുടരും എന്നുള്ള ഉറപ്പ് ഒരിക്കൽ കൂടി ആവർത്തിക്കുകയാണ്. മുട്ട്മടക്കുകയുമില്ല, നിശബ്ദരാകുകയുമില്ല.എന്ന് മുഖ്യമന്ത്രി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *