Your Image Description Your Image Description
Your Image Alt Text

കോൺഗ്രസ്‌ വിട്ടുവരുന്നവർക്കായി നാല്‌ സീറ്റ്‌ ഒഴിച്ചിട്ട്‌ ബിജെപി കാത്തിരിക്കുന്നു . വയനാട്‌, ആലത്തൂർ, എറണാകുളം, കൊല്ലം മണ്ഡലങ്ങളാണ്‌ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ‘കോൺഗ്രസിന്‌ റിസർവ്‌’ ചെയ്‌തിരിക്കുന്നത്‌.

ഇതിൽ രണ്ടിടത്ത്‌ കോൺഗ്രസിലെ പ്രമുഖർ വരുമെന്നാണ്‌ ബിജെപി നൽകുന്ന സൂചന. കൊല്ലത്ത്‌ മുൻമന്ത്രിയായ തലസ്ഥാനജില്ലയിലെ കോൺഗ്രസ്‌ നേതാവിനെയാണ്‌ നോട്ടമിടുന്നത്‌. രണ്ടുവട്ട ചർച്ച കഴിഞ്ഞു. ഇഡി കേസാണ്‌ നേതാവിനെ റാഞ്ചാൻ പ്രയോഗിക്കുന്ന തന്ത്രം. ബുധനാഴ്ച പ്രഖ്യാപിച്ച രണ്ടാംഘട്ട ലിസ്റ്റിലും ഈ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്.

കേരള കോൺഗ്രസ്‌ (ജോസഫ്‌) നേതാവായ മുൻ എംഎൽഎയ്‌ക്ക്‌ എറണാകുളം സീറ്റ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. സീറ്റിൽ കണ്ണുള്ള മഹിളാ കോൺഗ്രസ്‌ നേതാവിനെയും സമീപിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രകാശ്‌ ജാവ്‌ദേക്കർ നേരിട്ടാണ്‌ ഓപ്പറേഷൻ നടത്തുന്നത് .

കണ്ണൂർ, പത്തനംതിട്ട, മാവേലിക്കര സീറ്റുകളിൽ കോൺഗ്രസിൽനിന്ന്‌ എത്തിയവരാണ്‌ എൻഡിഎയ്‌ക്കായി മത്സരിക്കുന്നത്‌. പത്തനംതിട്ടയിൽ മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും , ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ബൈജു കലാശാല മാവേലിക്കരയിലും , സി രഘുനാദ് കണ്ണൂരുമാണ് മത്സരിക്കുന്നത് .

ബൈജു മാവേലിക്കരയിലും രഘുനാഥ്‌ ധർമടത്തും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികളായിരുന്നു. കോൺഗ്രസ്‌ എംഎൽഎയായിരുന്ന എ പി അബ്ദുള്ളക്കുട്ടിയെ ലക്ഷദ്വീപിലേക്ക്‌ പരിഗണിക്കുന്നുണ്ട്ന്നാണ് ലഭിക്കുന്ന വിവരം .

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ വിശ്വസ്‌തനായ സി രഘുനാഥിനെ ഉപയോഗിച്ചാണ്‌ പല കോൺഗ്രസ്‌ നേതാക്കളുമായും ബിജെപിയുടെ ചർച്ച നടത്തുന്നത് . പത്മജ വേണുഗോപാലിനെ ഉപയോഗിച്ചും ചിലരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട് . ഏതായാലും വരും ദിവസങ്ങളിൽ ചിത്രങ്ങൾ തെളിയും

Leave a Reply

Your email address will not be published. Required fields are marked *