Your Image Description Your Image Description
Your Image Alt Text

കണ്ണൂർ: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കണ്ണൂർ സ്വദേശി പി.എൻ. ഷാജിയുടെ മരണത്തിനു ഉത്തരവാദികൾ എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകാത്തതിനാൾ അവർ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് ഇടയാക്കിയത്. അധ്യാപകനെ അവർ തല്ലിയെന്നും സുധാകരൻ ആരോപിച്ചു. ഷാജിയുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് സുധാകരന്റെ ആരോപണം.

‘‘ഈ പാവം മനുഷ്യന്റെ മരണത്തിന് ഉത്തരവാദി എസ്എഫ്ഐ ആണ്. യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ അവർ പറഞ്ഞ ആളുകൾക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇദ്ദേഹം അതു നിഷേധിച്ചുവെന്നാണ് പറയുന്നത്. ഞാൻ ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകരെ വിളിച്ചു. ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മാത്രമല്ല, നിഷ്പക്ഷമായി പെരുമാറുന്നയാളാണ് ഷാജിയെന്ന് അവരും പറഞ്ഞു. അദ്ദേഹത്തെക്കുറിച്ച് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്. ഈ പരാതി എസ്എഫ്ഐക്കാർ ഉണ്ടാക്കിയതാണ്. ഇദ്ദേഹത്തെ തല്ലിയെന്നാണ് പറഞ്ഞത്. മാർഗംകളി മത്സരത്തിന് ഇതുപോലെ ചൂണ്ടിക്കാട്ടുന്നവർക്ക് ഒന്നാം സ്ഥാനം നൽകണമെന്ന് പറഞ്ഞപ്പോൾ സംസ്കാരമുള്ള അധ്യാപകൻ അങ്ങനെ ചെയ്യുമോ? തറവാടിത്തമുള്ളവർ ചെയ്യുമോ? പക്ഷേ, എസ്എഫ്ഐയ്ക്ക് അതു കിട്ടണമെന്ന് നിർബന്ധമാണ്.’’ – സുധാകൻ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *