Your Image Description Your Image Description
Your Image Alt Text

കൊച്ചി: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യഹർജിയുമായി നൃത്ത അധ്യാപകർ ഹൈക്കോടതിയിൽ. കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ടെന്നും മുൻകൂർ ജാമ്യഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. പരാതിക്കു പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് ഞങ്ങൾ പരിശീലിപ്പിച്ച ടീമാണ് എന്നും വിധികർത്താവിന് കോഴ നൽകിയിട്ടില്ലെന്നും നൃത്താധ്യാപകർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിനു സമമാണ് കേസ് എന്നും ഒന്നാംസ്ഥാനം നേടിയ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും അഡ്വ. ബി.എ.ആളൂർ മുഖേന നൽകിയ ഹർജിയിൽ പറയുന്നു. മറ്റു ചില അധ്യാപകർക്കുള്ള വിരോധം നിമിത്തം തങ്ങളുടെ പ്രതിഛായയും ഭാവിയും നശിപ്പിക്കാനാണു ശ്രമമെന്നും ഹർജിക്കാർ ആരോപിച്ചു. കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണു നീക്കം.

Leave a Reply

Your email address will not be published. Required fields are marked *