Your Image Description Your Image Description
Your Image Alt Text

ഈ കഴിഞ്ഞ ദിവസം ബിഡിജെഎസിന്റെ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞപ്പോൾ പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉഷാറായി ഒരു കാര്യം പറഞ്ഞു. റബ്ബർ വില 250 രൂപ ആക്കുകയാണെങ്കിൽ മാത്രമേ ഞാൻ മത്സരിക്കു. ഇക്കാര്യം വെന്ന് അമിത് ഭായിയെയും മറ്റു ഭായ് ജി മാരെയും അറിയിച്ചിട്ടുണ്ട്. ഉടൻ റബ്ബർ വില കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാരണം തുഷാറിന്റെ ലക്‌ഷ്യം കോട്ടയമാണ്.

കോട്ടയത്ത് കാരെ വീഴ്ത്താൻ റബ്ബറിൽ പിടിച്ചു തൂങ്ങണം. ഇതുപോലൊരു വാഗ്ദാനം നേരത്തെ തലശ്ശേരിയിൽ നിന്നും കേട്ടിരുന്നു. ഓർമയുണ്ടോ 250 രൂപ റബ്ബർ വില തന്നാൽ ബിജെപിക്ക് ഒരു എംപിയെ നൽകാമെന്ന തലശേരി മെത്രാന്റെ വാഗ്ദാനം. തുഷാറിന്റെ ഉറപ്പും മെത്രാന്റെ വക്കും ഒക്കെ ഒരുമിച്ചു ചേർത്ത് വച്ച് നോക്കുമ്പോൾ നമുക്ക് വ്യക്തമായി കോട്ടയത്തെ റബ്ബർ മരങ്ങളിൽ മൈക്ക് കെട്ടി വച്ച് വിളിച്ചു പറയാം. ഇതാണ് കർഷക പ്രീണനം. ഇത് തന്നെയാണ് കർഷക പ്രീണനം. പക്ഷെ തുഷാറിനെ കൊണ്ട് റബ്ബറും കർഷക പ്രീണനവും ഒക്കെ എടുത്താൽ പൊങ്ങുമോ എന്ന് മാത്രം തിട്ടമില്ല്ല

തലശ്ശേരി മെത്രാൻ ഒരു സമൂഹത്തിന്റെ നിവൃത്തി ഇല്ലായ്മ അവതരിപ്പിച്ചുവെന്നേയുള്ളൂ. എന്നാൽ നടേശ പുത്രണ് തുഷാറോ കര്ഷകരെ കാലാകാലം ചതിക്കുന്ന കോൺഗ്രസിന്റെ അതേ കുടില തന്ത്രമെടുത്ത് പയറ്റുകയാണ് ചെയ്തത്. ഞങ്ങൾ കുഞ്ഞു വെള്ളാപ്പള്ളിക്ക് ഒരു മൂന്ന് പോയിന്റ് ഇട്ടു തരാം

1. വനാതിർത്തി വേലിക്കെട്ടി തിരിക്കുക.
2. പെട്രോളിനും ഡീസലിനും 30 രൂപ കുറക്കുക.
3. ഗ്യാസിന് വില പകുതിയാക്കുക.

ഇത്രയും ചെയ്‌താൽ അടുത്ത തിരഞ്ഞെടുപ്പിൽ താങ്കളെ കേരളത്തിന്റെ മുഖ്യമന്ത്രി വരെ ആക്കാം. എന്നെ മുഖ്യമന്ത്രിയാക്കിയാൽ ഞാൻ ശരിയാക്കിത്തരാം എന്നാണ് ഇതിനുള്ള മറുപടിയെങ്കിൽ അങ്ങ് പള്ളീൽ ചെന്ന് പറഞ്ഞാൽ മതിയെന്നാണ് കോട്ടയത്തെ കർഷകന്റെ മറുപടി. കാരണം നിങ്ങൾക്ക് മുമ്പ് പലരും ഇതേ വാഗ്ദാനങ്ങൾ നൽകി കസേരയിൽ ഇരുന്നിട്ട് ദിവസം തോറും വില കൂടിയതല്ലാതെ വില കുറഞ്ഞത് മനുഷ്യന്റെ മാത്രം.

കര്ഷകര് നടേശപുത്രൻ തുഷാറിന്റെ ഈ വില വാഗ്ദാനം കേട്ട് വഞ്ചിതരാകുന്നതിനുമുമ്പ് ചില വസ്തുതകൾ അറിഞ്ഞിരിക്കണം.

ആദ്യമായി അറിയേണ്ടത് മൂന്ന് പ്രധാന സ്ഥലത്തെ റബ്ബവിന്റെ വിലനിലവാരമാണ്. റബ്ബറിന്റെ ആഗോള തലസ്ഥാനമായിരിക്കുന്നത് ബാങ്കോക്ക് ആണ്, അവിടെ ഇന്നലെത്തെ വില RSS4ന് – 217 രൂപ 43 പൈസയാണ്. ഇന്ത്യയിൽ കോട്ടയമായിരുന്നു റബ്ബർ തലസ്ഥാനം. അവിടെ ഇതേ RSS4 ന് – 175 രൂപയാണ്. ഇന്ത്യയിലെ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന അഗർത്തലയിൽ 162 രൂപയുമാണ് വിലനിലവാരം. ഈ രീതിയിൽ ആഗോള തലത്തിൽ വില വർധിക്കുമ്പോൾ ഇറക്കുമതി ചുങ്കം കൂട്ടി താൽക്കാലികമായി വിലവർധന വരുത്തി തരാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി എന്ന് പറയാൻ നാണമില്ലേ നടേശപുത്രാ.

നടേശ പുത്രൻ മോങ്ങിയിട്ടില്ല ലോകവിപണിയിൽ റബ്ബർ വില ഉയർന്നത്. അത് സ്വാഭാവിക പ്രതിഭാസത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. അങ്ങനെയുണ്ടാകുന്ന താൽക്കാലിക വിലവര്ധനവിന്റെ പിതൃത്വം ഏറ്റെടുക്കാൻ തുഷാറിന് നാണമില്ലേ? കാണില്ല, കാരണം നാണം എന്താണെന്ന് ഇതുവരെ അറിയില്ലല്ലോ.

എന്താണ് റബ്ബർ വില ഇവിടെ കുറയാൻ കാരണം എന്നന്വേഷിച്ചാൽ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഉത്ഭവിച്ച ആസിയാൻ കരാറുതന്നെയാണ്. എന്നാൽ അതിലെ പഴുതുകൾ ഉപയോഗിച്ച് റബ്ബർ കര്ഷകരെ രക്ഷപ്പെടുത്താനല്ല മറിച്ച്, റബ്ബർ കമ്പനികളെ രക്ഷിക്കാനാണ് മാറിമാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്. ഇന്ന് വേനൽ മൂത്ത് റബ്ബർ ടാപ്പിംഗ് നിർത്തി വച്ചിരിക്കുന്ന സമയമായതിനാലാണ് ഇപ്പോൾ ഈ വില വർദ്ധനവ് കാണിക്കുന്നത്. മാത്രമല്ല ഇന്ത്യയിൽ ഈ വര്ഷം പൊതുതിരഞ്ഞെടുപ്പ് എന്ന് അറിയാവുന്ന ടയർ ലോബികൾ വളരെ മുൻകൂട്ടി തന്നെ ആഗസ്റ്റ് – സെപ്തംബര് വരെയുള്ള റബ്ബർ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്. സാഹചര്യം ഇങ്ങനെയായിരിക്കെ റബ്ബർ വില കൂട്ടിയാലേ ഞാൻ മത്സരിക്കൂവെന്ന് മുതലക്കണ്ണീർ ഒഴുക്കി കർഷകനെ പറ്റിക്കേണ്ട കാര്യമെന്താണുള്ളത്? വർഷങ്ങൾക്കുമുമ്പ് ഒരു പാർലമെന്റ് അംഗം വാണിജ്യമന്ത്രി ചിദംബരത്തെ കണ്ട് റബ്ബർ വില വർധിപ്പിക്കുന്നതിനുള്ള നിവേദനം നൽകിയപ്പോൾ അത് വലിച്ചുകീറി ചവറ്റുകൊട്ടയിലിട്ടിട്ട് എംപിയോട് ഓടിക്കൊള്ളാൻ പറഞ്ഞു.

മുകളിൽ പിടിയുണ്ടെന്ന് അവകാശപ്പെടുന്ന നടേശപുത്രനോട് ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. നിങ്ങൾക്ക് ഇത്രമാത്രം അമിത് ഭായിയോട് ബിജെപി നേതൃത്വത്തോടും സൗഹൃദം ഉണ്ടെങ്കിൽ ദയവായി റബ്ബർ വില താൽക്കാലികമായി കൂട്ടി കർഷകരെ പറ്റിക്കാൻ പറയരുത്. പകരം പെട്രോളിന്റെയും ഡീസലിന്റെയും വില ഒരു 30 രൂപ കുറക്കാൻ ഒന്ന് പറഞ്ഞുകൊടുക്ക്. 2014 പൊതുതിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നൽകിയിരുന്ന വാഗ്ദാനമായിരുന്നു പെട്രോൾ വില 50 രൂപ ആക്കുമെന്ന്. അമ്പത് വേണ്ട അറുപത് ആയിക്കോട്ടെ, ഈ രാജ്യത്ത് എല്ലാവര്ക്കും ഗുണവും കിട്ടും. ഒപ്പം വീട്ടിൽ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വില ഈ ആയിരത്തിൽ നിന്നും കുറച്ച് ഒരു 600 രൂപയിൽ എത്തിക്ക്. 2014 ൽ ബിജെപി അധികാരത്തിൽ വരുമ്പോൾ 400 രൂപക്ക് ലവലേശം മുകളിൽ മാത്രമായിരുന്നു ഗ്യാസിന്റെ വില. നിങ്ങൾ ഒരു വെല്ലുവിളി ഏറ്റെടുക്കേണ്ടത് ഇവിടെയാണ്. മറ്റേത് പറ്റിക്കൽ തന്നെയാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൃഷിക്കാരന് പിന്നെയും കുമ്പിളിൽ തന്നെ കഞ്ഞി. നിഷ്കളങ്കരായ കൃഷിക്കാരെ പറഞ്ഞുപറ്റിക്കരുത്. ഒരു കാര്യം നടേശപുത്രൻ മനസ്സിലാക്കണം. ചിദംബരം ചെയ്തതിനേക്കാൾ ക്രൂരമായിരുന്നു കഴിഞ്ഞ സർക്കാരിലെ വാണിജ്യമന്ത്രി ചെയ്തത്. അവർ അവിടെ ധനകാര്യ മന്ത്രിയായി ഇരിക്കുന്നിടത്തോളം കാലം നിങ്ങളുടെ മനസ്സിലുള്ള ഒരു ഗ്രാസും ഇവിടെ നടക്കാൻ പോകുന്നില്ല. ആന കൊടുത്താലും കർഷകർക്ക് ആശ കൊടുക്കരുത്.

കേന്ദ്രസർക്കാരുമായി ഇത്രയുമധികം സൗഹൃദം പുലർത്തുന്ന നടേശാ പുത്രന് ഒന്നുകൂടി ചെയ്യാം. കേരളത്തിൽ ദിവസവും വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിന് ഒരു അറുതി വരുത്താം. ആകെ 600 കിലോമീറ്ററെ കേരളത്തിന് നീളമുള്ളൂ. വനാതിർത്തി നോക്കിയാൽ ഒരു 800 കിലോമീറ്റർ വരുമായിരിക്കും. നാട്ടുഭൂമിയും കാട്ടുഭൂമിയും വേർതിരിച്ച് വേലി കെട്ടാൻ ഒരു മൂവായിരം കോടി രൂപയിൽ കൂടുതൽ വരില്ല. ദയവുണ്ടായി അങ്ങയുടെ സ്വാധീനം ഉപയോഗിച്ച് കേന്ദ്രസർക്കാരിനെ കൊണ്ട് അതിനുള്ള സംവിധാനം ചെയ്‌താൽ നൂറുകണക്കിന് ജീവൻ രക്ഷിക്കുന്നത് കൂടാതെ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഒഴിവാക്കാം. ലക്ഷക്കണക്കിന് കർഷകരുടെ കണ്ണീർ തുടയ്ക്കാൻ സാധിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര വില ഉയർന്ന സാഹചര്യത്തിൽ അത് പഠിക്കാത്ത പാവപ്പെട്ട കർഷകരെ പറഞ്ഞു പറ്റിച്ച് വില ഉയർത്തി എന്ന് വരുത്തുക. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ബലൂണിന്റെ കാറ്റ് അഴിച്ചുവിട്ടപോലെ പൂർവ്വാശ്രമത്തിൽ എത്തുക. എന്തിനാ എങ്ങനെ കബളിപ്പിക്കുന്നത്? ഇതൊന്നും മനസിലാക്കാം പോലും ഉള്ള ബോധമില്ലാത്ത കിഴങ്ങൾമാരാണ് കർഷകർ ഉൾപ്പെട്ട പൊതുജനം എന്നാണോ താങ്കളുടെ ധാരണ. അത് തിരുത്തണം, മുകളിൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ ഒന്ന് കൂടി ആവർത്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *