Your Image Description Your Image Description

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. സപ്ലൈകോയുടെ അരിവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി ഹാളിൽ ഇന്നുച്ചയ്ക്ക് 12ന് നിർവഹിക്കും. മന്ത്രി ജി ആർ അനിൽ അദ്ധ്യക്ഷനായിരിക്കും.

ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുന്നത്. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് അഞ്ച് കിലോഗ്രാം അരി ലഭിക്കും. തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാണ് വിതരണം ചെയ്യുക.

നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്ളൈകോ വഴി കിട്ടും. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പാലിച്ചു കൊണ്ട് ഗുണനിലാവരം ഉറപ്പു വരുത്തിയാണ് അരി സംഭരിച്ചിട്ടുള്ളത്.

13-14 രൂപയുടെ തുണി സഞ്ചിയിലായിരിക്കും അരി വിതരണം നടത്തുന്നത്. സഞ്ചിയുടെ ചെലവ് 10 ലക്ഷത്തിൽ താഴെയാണ്. ഈ തുക സപ്ലൈകോയുടെ പ്രൊമോഷൻ, പരസ്യ ബഡ്ജറ്റിൽ നിന്നുമാണ് കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *