Your Image Description Your Image Description
Your Image Alt Text

ഈ ആഴ്ചത്തെ ഏറ്റവും നല്ല വാചകം മുരളിയുടെ വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയും മതി എന്നുള്ളതാണോ അതോ മുരളിജി എന്നുവിളിക്കേണ്ടി വരുമെന്ന ശോഭ സുരേന്ദ്രൻ മുരളിയെപ്പറ്റി പറഞ്ഞതാണോയെന്ന് ഇന്നും തർക്കത്തിലാണ്.

മുരളിയെപ്പറ്റി ഞാനോന്നും പറയുന്നില്ല, വരും ദിവസങ്ങളിൽ മുരളിജി എന്ന് വിളിക്കേണ്ടി വന്നാലോ? എന്ന പ്രയോഗം മുരളിയുടെ വാചകത്തെ മലർത്തിയടിച്ചുവെന്ന് വേണം പറയാൻ. മുരളിയെപ്പറ്റി പലതും പറയാനുണ്ട്, പക്ഷെ അടുത്ത ദിവസം ഞങ്ങളുടെ കൂടെ വരാൻ സാധ്യതയുള്ള അയാളെപ്പറ്റി എന്തെങ്കിലും പറഞ്ഞു വഷളാക്കേണ്ടയെന്ന ബോധം ശോഭ സുരേന്ദ്രനുണ്ടായി.

കോൺഗ്രസിന് പക്ഷെ പത്മജ പോയത് ഒരു രോമം കൊഴിഞ്ഞു പോയതായിപ്പോലും തോന്നിയില്ല. കോൺഗ്രസിൽ നിന്നും ഓരോരുത്തർ പോകുമ്പോഴും ബാക്കിയുള്ളവർ ഈ കോറസ് പാടും. ഒടുവിൽ അമ്മയും മക്കളും പോയി കഴിഞ്ഞാൽ ആര് കോറസ് പാടുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

ഇന്നത്തെ നിലയിൽ കെപിസിസിക്ക് പറ്റിയ ഏറ്റവും നല്ല പ്രസിഡന്റ് സുധാകരൻ തന്നെയായിരുന്നു. ഇടക്കിടക്ക് മലയാള പദാവലിക്ക് പുതുപുത്തൻ സംഭാവനകൾ നൽകുന്നുണ്ട്. സതീശനെ രോമനാഥൻ എന്ന് വിളിച്ചത് ഏറ്റവും മനോഹരമായ ഒരു വാക്കായിരുന്നു. ഇനിയും എത്രയോ നല്ല വാക്കുകൾ ശബ്ദതാരാവലിക്ക് ലഭിക്കാനുണ്ട്.

കോൺഗ്രസിന്റെ കഷ്ടകാലം കഴിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. കേരളത്തിൽ കയ്യിലുള്ള 15 സീറ്റിൽ ആദ്യം പോകുന്നത് കെപിസിസി പ്രസിഡന്റിന്റെ കണ്ണൂർ തന്നെയായിരിക്കുമെന്നാണ് എതിരാളികൾ പറഞ്ഞു നടക്കുന്നത് .

ചാലക്കുടിയും ഒട്ടും മോശമല്ല. പത്തനംതിട്ട-ആലത്തൂർ-കാസർഗോഡ്-പാലക്കാട്-ആലപ്പുഴ എല്ലാം കയ്യാലപ്പുറത്തിരിക്കുകയാണന്നും കോൺഗ്രസ്സുകാർ തന്നെ പറഞ്ഞു നടക്കുന്നു . അത് ശരിയാണെങ്കിലും ഇല്ലെങ്കിലും നിറുത്തണം .

പച്ചരി മേടിക്കാൻ കാശില്ലെങ്കിലും കോൺഗ്രസുകാരുടെ അഹങ്കാരം ഉണ്ടല്ലോ? അതാണ് അവരെ വംശനാശത്തിലേക്ക് തള്ളി വിടുന്നത്. 982 ൽ കെ കരുണാകരനും കെ എം മാണിയും കുഞ്ഞാലിക്കുട്ടിയും കൂടി യുഡിഎഫ് എന്ന ഐക്യ ജനാധിപത്യ ഏകോപന സമിതിയെന്ന മുന്നണി തുടങ്ങുമ്പോൾ പി ജെ ജോസഫായിരുന്നു അതിന്റെ കൺവീനർ.

അന്ന് 63 സീറ്റിൽ മത്സരിച്ച് 35 സീറ്റിൽ ജയിച്ച കോൺഗ്രസ് ഇന്ന് 93 സീറ്റിൽ മത്സരിച്ച് 21 സീറ്റിലാണ് ജയിച്ചത്. എന്നിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല. ഇതിനിടക്ക് ഘടകകക്ഷികളുടെ സീറ്റ് തട്ടി എടുത്തതിനൊപ്പം മുന്നണി കൺവീനർ സ്ഥാനമടക്കം മൊത്തം അടിച്ചുമാറ്റി.

വടകരയിൽ നിന്നും തൃശൂർക്ക് ഒളിച്ചോടിയ മുരളിയെ സത്യത്തിൽ പാർട്ടി ചതിക്കുകയായിരുന്നോ ? അങ്ങനെ പലരും പറയുന്നു . കുഞ്ചൻ നമ്പ്യാരുടെ തോറ്റോടിയ പട എന്ന കവിത പാടിയാണ് ഒരു സ്നേഹിതൻ പ്രതാപനെയും മുരളിയേയും പുകഴ്ത്തിയത്.

“ഉള്ളത്തിൽ ഭയമേറിയ മൂലം വെള്ളത്തിൽ ചിലർ ചാടി ഒളിച്ചു
മണ്ണിൽ പലപല കുഴിയുണ്ടാക്കി പൊണ്ണന്മാർ ചിലർ അവിടെയൊളിച്ചു” വെന്ന് . ഇവരുടെയൊക്കെ പത്രാസും പവറും കണ്ടാൽ ഇന്ത്യ ഉപഭൂഖണ്ഡം ചലിക്കുന്നതുതന്നെ ഇവർ മൂലമാണെന്ന് തോന്നും.

അതിലും രസം തോന്നിയത് കോൺഗ്രസിന്റെ രണ്ടു ആരോപണങ്ങളിലാണ്. ഒന്നാമത്തേത് പത്മജയെ ബിജെപിയിൽ എടുപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ്. ഒപ്പം പി സി ജോർജ്ജിന് പത്തനംതിട്ട സീറ്റ് നിഷേധിച്ചത് പിണറായി മൂലമാണെന്നും.

അത് കേട്ടപ്പോൾ പ്രേഷകർക്കെന്ത് തോന്നി ? സത്യത്തിൽ ഞാൻ പിണറായി വിജയൻറെ ഒരു ഫോട്ടോ എടുത്ത് നോക്കി. എന്റെ ദൈവമേ ഇദേഹമാണോ ബിജെപിയുടെ അഖിലേന്ത്യ പ്രസിഡന്റെന്ന് തോന്നിപ്പോയി.

ബിജെപിയെ നയിക്കുന്നതും നമ്മുടെ പിണറായി എന്ന നിലയിലായി കാര്യങ്ങൾ. എന്താ കഥ? ശിവ ശിവ ഇനി എന്തെല്ലാം കാണണം ? എന്തെല്ലാം കേൾക്കണം ?. എന്നിട്ടും കേരളത്തിന്റെ ദൈനംദിന കാര്യങ്ങൾക്കായി പിണറായി കേന്ദ്രത്തോട് തെണ്ടുകയാണ്.

എന്റെ കോൺഗ്രസുകാരെ നട്ടാൽ കുരുക്കുന്ന വല്ലതും പറയാൻ മേലെ? കേട്ടാൽ ആരെങ്കിലും വിശ്വസിക്കുന്ന ഗുണ്ട് അടിച്ചുവിട്. അല്ലാതെ കൈയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റം പറഞ്ഞു നടക്കല്ലേ?

Leave a Reply

Your email address will not be published. Required fields are marked *