Your Image Description Your Image Description
Your Image Alt Text

ദുബായ് : ശക്തമായ മഴയെത്തുടർന്ന് യുഎഇയുടെ മിക്ക ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷം. വിമാന, ബസ്, ജലഗതാഗത സർവീസുകൾ തടസ്സപ്പെട്ടു. മിക്ക റോഡുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒമാനില്‍ കനത്ത മഴയെ തുടർന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴക്ക് ഇന്നലെ പകലാണ് ചെറിയ ഒരു ശമനമുണ്ടായത്. അതി തീവ്ര മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ രാജ്യമെമ്പാടും ഇന്നു വൈകിട്ട് നാലു വരെ യെല്ലോ, ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസം മുഴുവൻ ശമനമില്ലാതെ തുടർന്ന മഴയിൽ ദുബായിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. ഓഫിസുകളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.

ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. റാസൽഖൈമ, ഫുജൈറ, ഷാർജ, അജ്മാൻ, അബുദാബി എന്നീ എമിറേറ്റുകളിലും അതി തീവ്രമഴയാണ് പെയ്തത്. റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ ഇടിമിന്നലും ഉണ്ടായി.
റാസൽഖൈമയിൽ അണക്കെട്ട് നിറഞ്ഞൊഴുകിയതിനാൽ ഷൗഖയിലേക്കുള്ള റോഡ് പൂർണമായും അടച്ചു. എമിറേറ്റ്സ് റോഡിലേക്കു പ്രവേശിക്കുന്ന ഇന്റർചേഞ്ചിൽ റോഡ് ഇടിഞ്ഞതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞു.

കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് എല്ലാ എമിറേറ്റുകളിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. സുരക്ഷാ മുൻകരുതൽ സ്വീകരിച്ചതിനാൽ അപകടങ്ങൾ കുറഞ്ഞു. അത്യാവശ്യ ആവശ്യങ്ങൾക്ക് മാത്രമാണ് ജനം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *