Your Image Description Your Image Description
Your Image Alt Text

കണ്ണൂർ ജില്ലയിലെ പാർട്ടിഗ്രാമങ്ങൾ ഏറെയുള്ള തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടകര പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസിനായി അങ്കം കുറിക്കാൻ ഷാഫി പറമ്പിലെത്തുന്നത് രണ്ടുംകല്പിച്ചാണ് .ഇക്കുറി പോരാട്ടം കടുപ്പിക്കും. രണ്ട് എം എൽ എ മാർ തമ്മിൽ പോരാടുന്ന ഏക മണ്ഡലമാണ് വടകര .

കോൺഗ്രസിലെ തീപ്പൊരി നേതാവായ ഷാഫി പറമ്പിൽ എംഎൽഎ മറ്റൊരു നിയമസഭാ അംഗവും ജനപ്രീതിയുള്ള നേതാവായ കെ. കെ. ശൈലജയെ നേരിടുമ്പോൾ കേരളത്തിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നായ മണ്ഡലമായി മാറുകയാണ് വടകര .

കഴിഞ്ഞ തവണ സി.പി. എം അണികൾക്കിടയിൽ ആവേശം നിറച്ചിരുന്ന പി.ജയരാജൻ പരാജയപ്പെട്ടിടത്ത് എങ്ങനെയെങ്കിലും വടകരയെന്ന തട്ടകം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് സി.പി. എം. വടകര മണ്ഡലത്തിൽ നവാഗതനായ ഷാഫി പറമ്പിൽ ചുവടുറപ്പിക്കണമെങ്കിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

സിറ്റിങ് എംപി കെ.മുരളീധരൻ ജനപ്രതിനിധിയെന്ന നിലയിൽ നല്ല സ്വാധീനമുണ്ടാക്കിയ മണ്ഡലമാണ് വടകര. മുസ്ലിം ലീഗ്, ആർ.എംപി എന്നീ പാർട്ടികൾ അവരുടെ സ്ഥാനാർത്ഥിയായിട്ടാണ് കെ.മുരളീധരനെ കണ്ടിരുന്നത്.

ഇക്കുറിയും വടകരയിൽ അതിശക്തനായി നിലകൊള്ളുന്ന കെ.മുരളീധരനെ എതിർക്കാനാണ് തങ്ങളുടെ ഏറ്റവും ജനപ്രീതിയുള്ള വനിതാ നേതാവായ കെ.കെ ശൈലജയെ സിറ്റിങ് എംഎൽഎയായിട്ടു പോലും സി.പി. എം വടകരയിലിറക്കിയത്.

സ്വന്തം സഹോദരി പത്മജാ വേണുഗോപാൽ ബിജെപിയിലേക്ക് പോയതാണ് മുരളീധരന് അവസാനഘട്ടത്തിൽ മണ്ഡലം മാറേണ്ടി വന്നത് . ഹമാസ് വിഷയത്തിൽ കെ.കെ ശൈലജ തന്റെ ഫേസ്‌ബുക്കിലൂടെ നടത്തിയ തീവ്രവാദികളെന്ന പരാമർശം ഇതുവരെ പിൻവലിക്കാത്തതും പാലത്തായി പീഡന കേസിൽ അന്നത്തെ സാമൂഹിക ക്ഷേമവകുപ്പുമന്ത്രിയായ കെ.കെ ശൈലജയുടെ നിലപാടുകളും യു.ഡി. എഫ് ക്യാംപ് സോഷ്യൽ മീഡിയയിലൂടെ ഉയർത്തുന്നുണ്ട്.

കയ്യിലുള്ള വടകരയും തൃശൂരും കാത്ത് സൂക്ഷിക്കാനാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ മാറ്റിയിട്ടത്. അതുകൊണ്ടു തന്നെ മുൻ യൂത്ത്കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിലിനെ വിജയിപ്പിക്കാനായി അരയും തലയും മുറുക്കി കളത്തിലിറങ്ങിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്സും.

മുസ്ലിം ന്യൂനപക്ഷത്തിന് മുപ്പതു ശതമാനം വോട്ടുകളുള്ള മണ്ഡലമാണ് വടകര. ഇതുകൂടാതെ മുപ്പതിനായിരം ഉറച്ച വോട്ടുകൾ ആർ. എംപിയ്ക്കുമുണ്ട്. ടി.പി വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ പ്രചാരണമാണ് കോൺഗ്രസ് വടകരയിൽ നടത്തുന്നത് .

2019-ലേതു പോലെ ഇതു യു.ഡി. എഫിന് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കോൺഗ്രസ് പിൻതുണയോടെ ആർ. എംപി. നേതാവ് കെ.കെ രമ വിജയിച്ചിരുന്നുവെങ്കിലും മറ്റു മണ്ഡലങ്ങളിൽ നല്ല ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുള്ളത്.

അതുകൊണ്ട് തന്നെ പ്രവചനാതീതമാണ് വടകര പോരാട്ടം

Leave a Reply

Your email address will not be published. Required fields are marked *